ചാൾസ് രാജാവ്, വില്യം രാജകുമാരൻ, ഹാരി രാജകുമാരൻ | Photo : AP
ഹാരി രാജകുമാരന്റെ ജനുവരി പത്തിന് പ്രകാശനം ചെയ്യുന്ന ആത്മകഥ 'സ്പെയര്‍'(Spare) ബ്രിട്ടീഷ് രാജകുടുംബത്തിന്റേയും, ചാള്‍സ് രാജാവിന്റേയും, മക്കളായ വില്യമിന്റേയും ഹാരിയുടേയും നിരവധി അറിയാക്കഥകള്‍ ഉള്ക്കൊള്ളുന്നുന്നതായി വിവരം. പുസ്തകത്തിന്റെ സ്പാനിഷ് പതിപ്പ് പ്രകാശനത്തിന് മുമ്പ് തന്നെ വില്പനക്കെത്തിയതോടെയാണ് ഇക്കാര്യം പ്രചരിക്കാനാരംഭിച്ചത്. സ്പെയിനിലെ പുസ്തശാലകളില് നിന്ന് സ്പെയര്‍ ഉടനടി പിന്‍വലിക്കപ്പെട്ടെങ്കിലും പുസ്തകത്തിലെ ചില സുപ്രധാനവെളിപ്പെടുത്തലുകള് മാധ്യമങ്ങള്‍ വായനക്കാരിലേക്കെത്തിച്ചു. ഓര്‍മപ്പുസ്തകത്തില്‍ തന്റെ ജീവിതത്തിലെ വിവിധ സംഭവങ്ങള്‍ പ്രത്യേകിച്ച് സഹോദരന് വില്യമുമൊത്തുള്ളവയും തന്റെ ജീവിതത്തിലെ ചില അരാജകഏടുകളും ഹാരി വെളിപ്പെടുത്തിയിരിക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ വഴി ലഭ്യമായ സൂചന.
ഒരിക്കലും 'ചേരാത്ത' ഹാരിയും വില്യമും
ഹാരിയും വില്യമും തമ്മില്‍ കുട്ടിക്കാലം മുതല്‍ പരസ്പരം കലഹിക്കുന്നത് പതിവായിരുന്നതായും 2019 ല്‍ ഇരുവരും കുട്ടികളെപ്പോലെ തമ്മില്ത്തല്ലിയതായും പുസ്തകത്തില്‍ ഹാരി പറയുന്നു. ഹാരിയെ പൊതിരെ ദേഹോപദ്രവമേല്പിച്ച വില്യം തിരികെത്തല്ലാന് തന്നെ പ്രേരിപ്പിച്ചതായും തുടര്‍ന്ന് ഏറെ പശ്ചാത്താപവിവശനായി തന്നോട് മാപ്പപേക്ഷിച്ചതായും ഹാരി പറയുന്നു. തന്റെ ഭാര്യയായ മേഗനെ കലഹത്തിന്റെ വിഷയം അറിയിക്കരുതെന്ന് വില്യം ആവശ്യപ്പെട്ടതായും ഹാരി സൂചിപ്പിക്കുന്നുണ്ട്. വില്യമിനെ താന്‍ വില്ലിയെന്നും തന്നെ വില്യം ഹാരോള്ഡെന്നുമാണ് വിളിക്കുന്നതെന്നും ഹാരി പറയുന്നുണ്ട്.

ഹാരി-വില്യം കലഹത്തിന് പിന്നില്‍ മേഗനോ?
മേഗനോട് താനക്കാര്യം പറയാതിരുന്നിട്ടും തന്റെ ശരീരത്തിലെ ചതവുകളും പാടുകളും കണ്ട് മേഗന് കാര്യം തിരക്കിയതോടെ തനിക്ക് മേഗനോട് വില്യം ആക്രമിച്ച കാര്യം പറയേണ്ടി വന്നതായും ഹാരി പറഞ്ഞിരിക്കുന്നു. ലണ്ടന്‍ വസതിയില്‍ വെച്ചുണ്ടായ ചെറിയ ഉരസലിനിടെ മേഗനെ വില്യം പ്രശ്നക്കാരി, ധാര്‍ഷ്ട്യക്കാരി, മാര്യദയില്ലാത്തവള് എന്നൊക്കെ അഭിസംബോധന ചെയ്തതാണ് പിന്നീട് കോളറിലേക്ക് പിടിച്ചുവലിച്ച് താഴെയിട്ട് മര്‍ദിക്കുന്ന തരത്തിലേക്കുള്ള വലിയ കലഹത്തിലേക്ക് നയിച്ചതെന്നും ഹാരി വെളിപ്പെടുത്തിയിരിക്കുന്നു.

25 പേരുടെ ജീവനെടുത്തു-ഹാരിയുടെ അവകാശവാദം
വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് താലിബാനെതിരെയുള്ള രണ്ട് നീക്കങ്ങളിലായി 25 പേരെ കൊലപ്പെടുത്തിയതായും ഹാരി അവകാശപ്പെടുന്നു. 2007-2008, 2012-13 കാലങ്ങളില്‍ നടന്ന വ്യോമാക്രമണങ്ങളെ സൂചിപ്പിച്ചാണ് ഹാരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചതുരംഗക്കളത്തിലെ കരുക്കളെ വെട്ടിമാറ്റുന്ന പോലെ 25 പേരുടെ ജീവനപഹിച്ചതില് അഭിമാനമോ അപമാനമോ അനുഭവപ്പെടുന്നില്ലെന്നും ഹാരി പറയുന്നുണ്ട്.
കൊക്കെയ്നും കുതിരകളെ ഇഷ്ടപ്പെടുന്ന സ്ത്രീയും
17-ാം വയസില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചുനോക്കിയെന്നും തന്റെ പിതാവായ ചാള്‍സ് രാജാവ് ഇടപെട്ട് ആ ദുശീലം അവസാനിപ്പിച്ചതായും ഹാരി വെളിപ്പെടുത്തുന്നു. മയക്കുമരുന്നിന് അടിമകളായവരെ മോചിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു ക്ലിനിക്കിലേക്ക് പിതാവ് തന്നെ കൂട്ടിക്കൊണ്ടുപോയതായും അവിടെ മദ്യത്തിനും കഞ്ചാവിനും അടിമപ്പെട്ട നിരവധി ചെറുപ്പക്കാരെ കണ്ടതായും ഹാരി പറയുന്നു. ഹാരിയെ തിരുത്തുന്നതിലൂടെ ഒരു രക്ഷകര്‍ത്താവെന്ന നിലയിലുള്ള ചാള്‍സിന്റെ പ്രവൃത്തി ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. തിരക്കേറിയ ഒരു പബ്ബില്‍വെച്ച് മുതിര്‍ന്ന ഒരു സ്ത്രീയുമായുണ്ടായ ലൈംഗികബന്ധത്തിലൂടെ തന്റെ 'കന്യകാത്വം'നഷ്ടപ്പെട്ടതായും ഹാരി പറയുന്നുണ്ട്. 'കുതിരകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരുവള്‍'എന്നാണ് ഹാരി ആ സ്ത്രീയെ വിശേഷിപ്പിച്ചിരിക്കുന്നത്. എങ്കിലും, 'ഏറെ ലജ്ജാവഹമായ സംഭവം' എന്നാണ് ഹാരി ആ ബന്ധത്തെക്കുറിച്ച് പുസ്തകത്തിലൂടെ ഓര്‍മിക്കുന്നത്.
കാമിലയെ വിവാഹം ചെയ്യരുതെന്ന് പിതാവിനോട് കേണപേക്ഷിച്ചു
ഇപ്പോഴത്തെ ക്വീന്‍ കണ്‍സോര്‍ട്ട് ആയ കാമിലയെ വിവാഹം ചെയ്യരുതെന്ന് താനും വില്യമും ചാള്‍സിനോട് അപേക്ഷിച്ചതായും ഹാരി അവകാശപ്പെടുന്നു. എന്നാല്‍ തങ്ങളുടെ അപേക്ഷ പിതാവ് തീര്‍ത്തും അവഗണിക്കുകയായിരുന്നുവെന്നും ഹാരി പറയുന്നു. 2021 ല്‍ സ്വപിതാവ് ഫിലിപ് രാജകുമാരന്റെ അന്തിമസംസ്കാരച്ചടങ്ങിനുശേഷമുള്ള രഹസ്യ കൂടിക്കാഴ്ചയില്‍ തമ്മില്‍ കലഹിക്കുന്നത് നിര്‍ത്താന്‍ ചാള്‍സ് രാജാവ് ആവശ്യപ്പെട്ടതായും ഹാരി പറയുന്നുണ്ട്. തന്റെ അവസാനകാലത്ത് മനസമാധാനം കെടുത്താതിരിക്കൂവെന്ന് പിതാവ് അപേക്ഷിച്ചതായും പുസ്തകത്തിലുണ്ട്.

എല്ലായിടത്തും രണ്ടാമന്; സ്പെയര്‍ വെളിപ്പെടുത്താനിരിക്കുന്നതെന്ത്?
തന്റെ രാജകീയ ജീവിതത്തിലെ അനിഷ്ടങ്ങളും നിരാശകളും ഹാരി പുസ്തകത്തില്‍ പങ്കുവെച്ചിട്ടുണ്ടെന്നാണ് സൂചന. തന്റെ ജനനസമയത്ത് പിതാവ് ചാള്‍സ് മാതാവ് ഡയാന രാജകുമാരിയോട് പറഞ്ഞ വാക്കുകളില്‍ നിന്നാണ് തന്റെ പുസ്തകത്തിന് പേര് നല്കിയിരിക്കുന്നതുപോലുമെന്നത് ശ്രദ്ധേയം. 'ഇപ്പോഴെനിക്ക് ഒരു അനന്തരാവകാശിയേയും ഒരു രണ്ടാമനേയും നല്കിയിരിക്കുന്നു (Now you have given me an heir and a spare)' എന്നായിരുന്നു ചാള്‍സിന്റെ വാക്കുകള്‍. എല്ലാ നിലയിലും താനൊരു രണ്ടാമനായിരുന്നുവെന്നോ തന്റെ സ്ഥാനം രണ്ടാമതായിരുന്നുവെന്നോ ഹാരി നിരാശപ്പെട്ടിരുന്നുവെന്ന് വേണം പുസ്തകത്തിന് നല്‍കിയിരിക്കുന്ന സ്പെയര്‍ എന്ന പേരിലൂടെ മനസിലാക്കേണ്ടതെന്നാണ് മാധ്യമങ്ങളുടെ പരോക്ഷമായ വിലയിരുത്തല്‍. രാജകുടുംബത്തില്‍ താനനുഭവിച്ച നിന്ദ്യയും അപമാനവും ഹാരിയുടെ പുസ്തകത്തിലൂടനീളം നിഴലിക്കുമെന്നാണ് സൂചന.
Content Highlights: Prince Harry, autobiography, Spare, Prince William, King Charles, British Royal Family, Meghan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..