പട്ടിപ്പാത്രത്തിലേക്ക് വില്യം എന്നെ വലിച്ചിട്ടു: വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ


ഹാരി ജനിച്ച ദിവസം ചാൾസ് ഡയാനയോടു പറഞ്ഞു: ‘‘ഗംഭീരം! ഇപ്പോൾ നീയെനിക്കൊരു ഹെയറിനെയും (അനന്തരാവകാശി) സ്‌പെയറിനെയും (പകരക്കാരൻ) നൽകിയിരിക്കുന്നു -എന്റെ ജോലി കഴിഞ്ഞു.’’

വില്യം രാജകുമാരനും ഹാരിയും

‘‘വില്യം എന്റെ കോളറിൽ കുത്തിപ്പിടിച്ചു, മാല വലിച്ചുപൊട്ടിച്ചു, പിന്നെ എന്നെ തറയിലേക്കു തള്ളിയിട്ടു. പട്ടിക്ക് ആഹാരം കൊടുക്കുന്ന പാത്രത്തിനുമുകളിലേക്കു ഞാൻ വീണു. അതു പൊട്ടി, ആ കഷണങ്ങൾകൊണ്ട് എന്റെ പുറം മുറിഞ്ഞു. കുറച്ചുനേരം ഞാൻ അവിടെക്കിടന്നു, പരിഭ്രമിച്ചു. പിന്നെ എഴുന്നേറ്റു. അയാളോട് ഇറങ്ങിപ്പോകാൻ പറഞ്ഞു.’’

ബ്രിട്ടീഷ് രാജകുടുംബത്തിലെ അനന്തരാവകാശി വില്യം രാജകുമാരനാണ് ഈ വിവരണത്തിലെ വില്ലൻ വില്യം. വില്യമിന്റെ വില്ലത്തരത്തെക്കുറിച്ചു വിവരിക്കുന്നത് അനുജൻ ഹാരി രാജകുമാരൻ. ബ്രിട്ടീഷ് രാജകുടുംബത്തെ പിടിച്ചുകുലുക്കുന്ന ബോംബുമായി ഹാരി രാജകുമാരനെത്തുകയാണ്. ഹാരിയുടെ ആത്മകഥ ‘സ്‌പെയർ’ ചൊവ്വാഴ്ച പുറത്തിറങ്ങും. ശൈശവംമുതൽ ഇതുവരെ രാജകുടുംബത്തിൽ നേരിട്ട വിവേചനങ്ങളും അവഗണനകളും പ്രതിസന്ധികളുമാണ് ‘സ്‌പെയറി’ലൂടെ ഹാരി വെളിപ്പെടുത്തുന്നത്.

ചാൾസ് രാജാവിന്റെയും അന്തരിച്ച ഡയാന രാജകുമാരിയുടെയും മക്കളാണ് വില്യമും ഹാരിയും. സഹോദരങ്ങൾ തമ്മിലുള്ള അസ്വാരസ്യത്തിന്റെ കഥകൾ നേരത്തേ പുറത്തുവന്നിട്ടുണ്ടെങ്കിലും പ്രശ്നങ്ങളുടെ രൂക്ഷത ഹാരിയുടെ ആത്മകഥയിലൂടെയാണ് ഇത്ര വ്യക്തമാകുന്നത്. അമേരിക്കൻ നടിയും വിവാഹമോചിതയുമായ മേഗൻ മാർക്കലിനെ താൻ വിവാഹം കഴിച്ചശേഷം സഹോദരനുമായുള്ള ബന്ധം തകർന്നതിനെക്കുറിച്ചാണ് ഹാരിയുടെ തുറന്നെഴുത്ത്.

ആഫ്രോ-അമേരിക്കൻ വംശജയായ മേഗനെ 2018-ലാണ് ഹാരി വിവാഹം കഴിച്ചത്. മേഗനെക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ നിറംപിടിപ്പിച്ചെഴുതി. കൊട്ടാരത്തിലും മേഗൻ വിവേചനം നേരിട്ടു. 2019-ൽ ലണ്ടനിൽ ഹാരിയും മേഗനും താമസിച്ചിരുന്ന നോട്ടിങ്ങാം കോട്ടേജിലെത്തി വില്യം അനുജനെ കൈയേറ്റംചെയ്തു. കടുപ്പക്കാരി, മര്യാദയില്ലാത്തവൾ, പരുക്കൻ സ്വഭാവക്കാരി എന്നൊക്കെ വില്യം മേഗനെ വിളിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങൾ മേഗനെപ്പറ്റി പറയുന്നത് വില്യമും ഏറ്റുപാടുന്നുവെന്ന് ഹാരി പറഞ്ഞു. വാക്കേറ്റം കനത്തപ്പോഴാണ് ഹാരിയെ വില്യം തള്ളിത്താഴെയിട്ടത്. കുട്ടിക്കാലത്തെപ്പോലെ തിരിച്ചടിക്കാൻ വില്യം പറഞ്ഞു. ഹാരി അതു ചെയ്തില്ല. വില്യം തിരിച്ചുപോയി. പിന്നെ ‘പശ്ചാത്താപമുള്ളവനെപ്പോലെ തിരിച്ചുവന്നു മാപ്പു പറഞ്ഞു’വെന്ന് ഹാരി എഴുതുന്നു. മെഗിനോട് (മേഗൻ) ഇതെക്കുറിച്ചു പറയരുത് എന്നും പറഞ്ഞു. ഹാരി ഒന്നും മേഗനോടു പറഞ്ഞില്ല. പക്ഷേ, ശരീരത്തിലെ മുറിവുകളും പോറലുകളുംകണ്ട് അവർ കാര്യം തിരക്കി. നടന്നത് ഹാരി പറഞ്ഞു. മേഗന് അദ്‌ഭുതം തോന്നിയില്ല. ദേഷ്യപ്പെട്ടുമില്ല. അവൾ വളരെ സങ്കടപ്പെട്ടുവെന്നും ഹാരി എഴുതുന്നു.

ബ്രിട്ടീഷ് മാധ്യമങ്ങളുടെ അധിക്ഷേപവും കൊട്ടാരത്തിലെ വിവേചനവും കാരണം, മകൻ ആർച്ചിയുടെ ജനനശേഷം ഹാരിയും മേഗനും രാജകുടുംബാംഗങ്ങളെന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ ഒഴിഞ്ഞ് കൊട്ടാരംവിട്ട് ഇപ്പോൾ യു.എസിലെ കാലിഫോർണിയയിലാണ് താമസം. ആർച്ചിയെ കൂടാതെ ലിലിബെറ്റ്, ഡയാന എന്ന മകൾ കൂടിയുണ്ട് ഇവർക്ക്.

എലിസബത്ത് രാജ്ഞിയുടെ ചെല്ലപ്പേരാണ് ലിലിബെറ്റ്. രാജ്ഞിയോടും 1997-ൽ ദുരൂഹസാഹചര്യത്തിൽ കാറപകടത്തിൽ മരിച്ച അമ്മ ഡയാനയോടുമുള്ള സ്നേഹവും ഹാരി ‘സ്‌പെയറി’ൽ പങ്കുവെക്കുന്നു.

ടെലിവിഷൻ അവതാരക ഒപ്ര വിൻഫ്രിക്ക്‌ 2021-ൽ നൽകിയ അഭിമുഖത്തിലും നെറ്റ്ഫ്‌ളിക്‌സിൽ കഴിഞ്ഞമാസമിറങ്ങിയ ‘ഹാരി ആൻഡ് മേഗൻ’ എന്ന ഡോക്യുമെന്ററിയിലും രാജകുടുംബത്തിൽ മേഗൻ നേരിട്ട വംശീയവിവേചനം ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. അതിലേറെ വിശദാംശങ്ങൾ നിറഞ്ഞതാണ് ‘സ്‌പെയർ’.

ഹാരി എന്ന സ്‌പെയർ

മിക്കരാജകുടുംബത്തിലെയുംപോലെ ബ്രിട്ടീഷ് രാജകുടുംബത്തിലും മൂത്തയാൾക്കാണ് രാജപദവും അധികാരവും മറ്റു സൗഭാഗ്യങ്ങളും. മൂത്തയാൾക്ക് എന്തെങ്കിലും സംഭവിച്ചാലേ രണ്ടാമത്തെയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടൂ. അതുകൊണ്ട് രണ്ടാമത്തെ പുത്രൻ/പുത്രി പകരക്കാരൻ (സ്‌പെയർ) എന്നാണ് കൊട്ടാരവൃന്ദങ്ങളിൽ വിളിക്കപ്പെടുക. അതിനാലാണ് ഹാരി തന്റെ ആത്മകഥയ്ക്ക് ‘സ്‌പെയർ’ എന്നു പേരിട്ടത്.

ഡയാനയുടെ അഭിമുഖം

ഹാരിയുടെ ആത്മകഥ അമ്മ ഡയാന രാജകുമാരിയുടെ 1995-ലെ ബി.ബി.സി. അഭിമുഖത്തെ ഓർമപ്പെടുത്തുന്നു. ആ അഭിമുഖത്തിലാണ് ചാൾസിന് കാമിലയുമായും (ഇപ്പോഴത്തെ ഭാര്യ) തനിക്ക് മുൻ പട്ടാള ഉദ്യോഗസ്ഥൻ ജെയിംസ് ഹ്യുവിറ്റുമായുമുള്ള ബന്ധത്തെക്കുറിച്ച് ഡയാന തുറുന്നുപറഞ്ഞത്. ആ അഭിമുഖം ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിലാക്കി. അതുപോലൊരു സാഹചര്യത്തിലേക്ക് ‘സ്‌പെയർ’ രാജകുടുംബത്തെ എത്തിച്ചേക്കും.

Content Highlights: Prince harry opens up in his autobiography spare


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented