മേഗനും ഹാരിയും | Photo : AFP
രാജകുടുംബത്തിലെ തന്റെ മുന്‍കാലജീവിതം 'ദ ട്രൂമാന്‍ ഷോ' എന്ന ജിം കാരി സിനിമ പോലെയും മൃഗശാലയില്‍ അകപ്പെട്ട ജീവി കണക്കെയും സദാസമയം ക്യാമറകളാല്‍ നിരീക്ഷിക്കപ്പെട്ടിരുന്നതായി ഹാരി രാജകുമാരന്‍. തന്റെ ഇരുപതുകളില്‍ പലപ്പോഴും രാജകീയജീവിതം ഉപേക്ഷിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷ് മാധ്യമലോകം രാജകീയകുടുംബത്തിന് മേല്‍ തങ്ങള്‍ക്ക് ഉടമാസ്ഥാവകാശമുള്ളതായി കണക്കാക്കുന്നതിനാല്‍ മറ്റൊരു നിര്‍വാഹമില്ലായിരുന്നതായും മേഗനുമായുള്ള ബന്ധത്തെ മാധ്യമവിചാരണയില്‍ നിന്ന് ഒഴിവാക്കാന്‍ ഏറെ പണിപ്പെട്ടതായും ദ ആംചെയര്‍ എക്‌സ്‌പെര്‍ട്ട് പോഡ്കാസ്റ്റില്‍ ഹാരി പറഞ്ഞു.
രാജകുടുംബാംഗമെന്ന നിലയില്‍ കടുത്ത മാനസികസമ്മര്‍ദം നേരിടേണ്ടി വന്നിരുന്നതായി ഹാരി ഓര്‍മിച്ചു. അമിത മാധ്യമശ്രദ്ധക്കിരയായിത്തീര്‍ന്ന തന്റെ അമ്മ ഡയാന രാജകുമാരി അഭിമുഖീകരിച്ച അതേ അവസ്ഥ തനിക്കും ഭാര്യ മേഗനും മകന്‍ ആര്‍ച്ചിക്കും നേരിടേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായും പോഡ്കാസ്റ്റില്‍ ഡാക്‌സ് ഷെപ്പേഡിനോട് ഹാരി വെളിപ്പെടുത്തി. പാപ്പരാസികള്‍ പിന്തുടരുന്നതിനിടെയുണ്ടായ കാറപടത്തിലാണ് 1997 ല്‍ മുപ്പത്താറുകാരിയായ ഡയാന കൊല്ലപ്പെട്ടത്.
അമ്മയുടെ മരണത്തെ വേണ്ട വിധത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തന്റെ ഇരുപതുകളില്‍ മാനസികാരോഗ്യനിലയെ ബാധിക്കപ്പെട്ടതായും ഇപ്പോഴും ആ അവസ്ഥ നിലനില്‍ക്കുന്നതായും ഹാരി പറഞ്ഞു. മേഗന് അത് മനസിലാക്കാന്‍ സാധിച്ചതായും ചികിത്സ തേടാന്‍ തന്നോട് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഗനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാധ്യമങ്ങളുമായുള്ള വിഷയം തന്നെ ഏറെ അലട്ടുകയും ദേഷ്യം പിടിപ്പിക്കുകയും ചെയ്തിരുന്നതായും എന്നാലിപ്പോള്‍ സ്ഥിതി ഭേദമാണെന്നും ഹാരി പറഞ്ഞു.
രാജകുടുംബത്തിലെ ഉത്തരവാദിത്വങ്ങളില്‍ നിന്നൊഴിയുകയെന്നുള്ള തന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് 2020 ആരംഭത്തില്‍ തനിക്കുള്ള ധനവിഹിതം രാജകുടുംബം വെട്ടിച്ചുരുക്കിയതായി മറ്റൊരഭിമുഖത്തില്‍ ഹാരി പറഞ്ഞിരുന്നു. തന്റെ അമ്മയുടെ പേരിലുള്ള സ്വത്തുള്ളതിനാല്‍ തന്നെ അക്കാര്യം ബാധിക്കില്ലെന്നും ഹാരി സൂചിപ്പിച്ചു. ബ്രിട്ടീഷ് മാധ്യമങ്ങളുടെ പിന്തുടരലും മേഗന് നേരെ പുലര്‍ത്തിയ വംശീയപരമായ പെരുമാറ്റവുമാണ് തങ്ങള്‍ രാജകുടുംബം വിട്ടൊഴിയാന്‍ പ്രധാനകാരണമെന്നും രാജകുമാരന്‍ കുറ്റപ്പെടുത്തിയിരുന്നു.
കാലിഫോര്‍ണിയയിലേക്ക് മാറിയതിന് ശേഷം അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷത്തിന് അയവുവന്നതായി ഹാരി പറഞ്ഞു. അമേരിക്കന്‍ മാധ്യമങ്ങളും പിന്തുടരുന്നുണ്ടെങ്കിലും ബ്രിട്ടീഷ് മാധ്യമങ്ങളേക്കാള്‍ ഏറെ ഭേദമാണെന്നും ഹാരി പ്രതികരിച്ചു. ഇപ്പോള്‍ തനിക്ക് തലയുയര്‍ത്തി നില്‍ക്കാനാവുന്നുണ്ടെന്നും ജീവിതം തന്നെ വ്യത്യസ്തമായതായും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനും ചിന്തിക്കാനും സാധിക്കുന്നതായും ഹാരി പറഞ്ഞു.
Content Highlights: Prince Harry compares his royal life to The Truman Show
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..