ധാക്ക: ബംഗ്ലാദേശിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലാദേശ് സന്ദര്‍ശനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് യശോരേശ്വരി കാളിക്ഷേത്രത്തില്‍ മോദി ദര്‍ശനം നടത്തിയത്. 

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപുര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള നിരവധി ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട്.

ക്ഷേത്രത്തില്‍ മോദി ഇരുന്ന് പ്രാര്‍ഥിക്കുന്നതിന്റെയും വിഗ്രഹത്തില്‍ കിരീടം ചാര്‍ത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. വെള്ളി കൊണ്ട് നിര്‍മിച്ച് സ്വര്‍ണം പൂശിയ കിരീടം മൂന്നാഴ്ച കൊണ്ടാണ് പരമ്പരാഗത കൈത്തൊഴിലുകാര്‍ നിര്‍മിച്ചിരിക്കുന്നത്. 

ഇന്ന് കാളി മായുടെ മുന്‍പാകെ പ്രാര്‍ഥിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. മനുഷ്യവംശത്തെ കോവിഡ് 19-ല്‍നിന്ന് മോചിപ്പിക്കണേയെന്ന് ഞാന്‍ പ്രാര്‍ഥിച്ചു- ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു ശേഷം മോദി മാധ്യമങ്ങളോടു പ്രതികരിച്ചു. 

content highlights: prime minister narendra modi offers prayers at iconic kali temple in bangladesh