നരേന്ദ്ര മോദിയും ആന്റണി ആൽബനീസും സിഡ്‌നിയിലെ വേദിയിൽ | Photo : ANI
സിഡ്‌നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ദ ബോസ്' എന്ന് സംബോധന ചെയ്ത് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ്. ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മോദി സിഡ്‌നിയില്‍ നടന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കവെയായിരുന്നു ആന്റണി ആല്‍ബനീസിന്റെ പരാമര്‍ശം.
പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരുടെ ബാഹുല്യവും മോദിയുടെ പ്രശസ്തിയും ഇതിഹാസ റോക്ക് താരം ബ്രൂസ് സ്പ്രിങ്സ്റ്റീനിന്റേതിന് സമാനമാണെന്ന് ആമുഖപ്രസംഗത്തില്‍ ആല്‍ബനീസ് പറഞ്ഞു. ബ്രൂസ് സ്പ്രിങ്സ്റ്റീനിന് ആരാധകര്‍ നല്‍കിയിരിക്കുന്ന അപരനാമമാണ് ദ ബോസ്.
"ഈ വേദിയില്‍ കഴിഞ്ഞ തവണ ഞാന്‍ കണ്ടത് ബ്രൂസ് സ്പ്രിങ്സ്റ്റീനിനെയാണ്. പക്ഷെ നരേന്ദ്ര മോദിയ്ക്ക് ലഭിച്ച സ്വീകരണം സ്പ്രിങ്സ്റ്റീനിന് അന്ന് ലഭിച്ചിരുന്നില്ല. പ്രധാനമന്ത്രി മോദിയാണ് 'ദ ബോസ്', ആല്‍ബനീസ് പറഞ്ഞു. ക്വിഡോസ് ബാങ്ക് അരീനയില്‍ തിങ്ങിക്കൂടിയ പതിനായിരക്കണക്കിന് പേർ കരഘോഷം ഉയര്‍ത്തി.
വേദിയിലേക്ക് മോദിയെ പരമ്പരാഗതരീതിയിലാണ് സ്വാഗതം ചെയ്തത്. ഇന്ത്യന്‍ നര്‍ത്തകരുടെ സാംസ്‌കാരിക പരിപാടിയോടെയാണ് സമ്മേളനം ആരംഭിച്ചത്. മോദിയെ കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് പരിപാടിയ്ക്ക് ശേഷം മോദിയുമായി നടത്താനിരിക്കുന്ന ഉഭയകക്ഷിയോഗത്തെ കുറിച്ച് ആല്‍ബനീസ് പറഞ്ഞു.
"ഒരുകൊല്ലം മുമ്പ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ഞങ്ങള്‍ തമ്മിലുള്ള ആറാമത്തെ കൂടിക്കാഴ്ചയാണ് ഇത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് ഇതില്‍നിന്ന് വ്യക്തമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയരും. ഇപ്പോള്‍ത്തന്നെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട അയല്‍രാജ്യമാണ് ഇന്ത്യ. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ഊഷ്മളമായി മുന്നോട്ടുകൊണ്ടുപോകേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്', അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവന ഓസ്‌ട്രേലിയയെ കൂടുതല്‍ മികച്ചതാക്കി. ഓസ്‌ട്രേലിയയുടെ സുപ്രധാന നയതന്ത്ര പങ്കാളിയാണ് ഇന്ത്യ. സമ്പന്നമായ ഒരു സൗഹൃദമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ലോകത്തിലെ വിവിധ ക്രിക്കറ്റ് കളങ്ങളില്‍ ഇന്ത്യ സ്‌നേഹമേറിയ ഒരു കായിക എതിരാളിയാണ്. നമ്മള്‍ വീണ്ടും ക്രിക്കറ്റ് കളത്തില്‍ ഏറ്റുമുട്ടും. നമ്മുടെ രാജ്യത്തെ ഏറ്റവും സ്വീകാര്യനായ അതിഥിയാണ് മോദി", ആല്‍ബനീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Prime Minister Narendra Modi is The Boss said his Australian counterpart Anthony Albanese
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..