പ്രതീകാത്മക ചിത്രം | ചിത്രം: AP
കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങിയെത്തിയതോടെ തലപ്പാവിന്റെയും ഹിജാബിന്റെയും വിലയും വില്‍പ്പനയും വര്‍ദ്ധിച്ചതായി കാബൂളിലെ കടയുടമകള്‍. ഒരാഴ്ച മുന്‍പാണ് രാജ്യത്തെ മറ്റ് പ്രവിശ്യകള്‍ പിടിച്ചെടുത്ത ശേഷം കാബൂളിന്റെ നിയന്ത്രണവും താലിബാന്‍ ഏറ്റെടുത്തത്.
തലപ്പാവ്, ഹിജാബ് എന്നിവ ധരിക്കുന്നതിനെക്കുറിച്ച് താലിബാന്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ചില ആളുകള്‍ അത് പരമ്പരാഗതമായി ധരിക്കുന്നതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തലപ്പാവ് വില്‍പ്പന വര്‍ധിച്ചതായി കാബൂളിലെ ഹിജാബ് വില്‍പ്പനക്കാരനായ ഫായിസ് അഘ പാജ്‌വോക്ക് അഫ്ഗാന്‍ ന്യൂസിനോട് പറഞ്ഞു. 'മുന്‍പ് ഒരു ദിവസം നാലോ അഞ്ചോ ഹിജാബുകളായിരുന്നു ഞാന്‍ വിറ്റുകൊണ്ടിരുന്നത് താലിബാന്‍ തിരിച്ചെത്തിയ ശേഷം ഇപ്പോള്‍ 15 മുതല്‍ 17 വരെ ഹിജാബുകള്‍ ഞാന്‍ വില്‍ക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.
'ഗുണനിലവാരം കണക്കിലെടുത്ത് ഒരു തലപ്പാവിന് 300 മുതല്‍ 3,000 അഫ്ഗാനി വരെ വിലയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'പണ്ട് ഒരു ദിവസം ആറോ ഏഴോ തലപ്പാവ് വില്‍ക്കുമായിരുന്നു, പക്ഷേ ഇപ്പോള്‍ ഞാന്‍ 30 എണ്ണത്തിലേറെയാണ് വില്‍ക്കുന്നത്' മറ്റൊരു കച്ചവടക്കാരനായ അബ്ദുള്‍ മാലിക് പറയുന്നു.
ഹിജാബുകളുടെ വില വര്‍ധിച്ചതായി മറ്റൊരു കടയുടമ നിയാമത്തുള്ളയും പറഞ്ഞു. മുന്‍പ് ഒരു ഹിജാബ് 1,000 അഫ്ഗാനിയ്ക്ക് വിറ്റിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത് 1,200 അഫ്ഗാനിക്കാണ് വില്‍ക്കുന്നതെന്നും നിയാമത്തുള്ള പറഞ്ഞു. 'താലിബാന്‍ മടങ്ങിവരുന്നതിനുമുമ്പ്, ഞാന്‍ ഒരു ദിവസം ആറ് മുതല്‍ ഏഴ് വരെ ഹിജാബുകള്‍ വില്‍ക്കുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഒരു ദിവസം 20 എണ്ണം വരെ വില്‍ക്കുന്നു'', അദ്ദേഹം പറഞ്ഞു.
Content Highlights: Prices of hijab, turban jump in Afghanistan with Taliban's return
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..