ലണ്ടന്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നൂറിലേറെപ്പേരെവെച്ച് പാര്‍ട്ടി നടത്തിയെന്ന വിവരം പുറത്തുവന്നതിനുപിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമേല്‍ സ്ഥാനമൊഴിയാന്‍ സമ്മര്‍ദമേറുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് സര്‍ കെയര്‍ സ്റ്റാര്‍മെര്‍, സ്‌കോട്ടിഷ് ടോറി നേതാവ് ഡഗ്ലസ് റോസ്സ് തുടങ്ങിയവര്‍ ജോണ്‍സന്റെ രാജിയാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗികവസതിയില്‍ പാര്‍ട്ടി നടത്തിയതിന് ബുധനാഴ്ച ജനപ്രതിനിധിസഭയില്‍ അദ്ദേഹം മാപ്പുചോദിച്ചിരുന്നു. എന്നാല്‍, തെറ്റുചെയ്തിട്ടില്ലെന്നും മഹാമാരിക്കാലത്ത് കഠിനപ്രയത്നം നടത്തിയവര്‍ക്ക് നന്ദിയറിയിക്കാനാണ് പാര്‍ട്ടി നടത്തിയതെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

അതേസമയം, നിലവില്‍ മന്ത്രിമാരുടെ പൂര്‍ണപിന്തുണ ജോണ്‍സണുണ്ട്. രാജിയാവശ്യപ്പെടുന്നവരോട് അന്വേഷണം പൂര്‍ത്തിയാവുംവരെ കാത്തിരിക്കാനാണ് മന്ത്രിമാരുടെ പ്രതികരണം. എന്നാല്‍ കൂടുതല്‍ ആരോപണങ്ങള്‍ വെള്ളിയാഴ്ച പുറത്തു വന്നതോടെ മന്ത്രിമാരുടെ പിന്തുണ ഇനിയും തുടരുമോ എന്നുള്ളത് കണ്ടുതന്നെ അറിയേണ്ടതാണ്. 

ബ്രിട്ടനിലെ കൊറോണ വൈറസ് ലോക്ക്ഡൗണിന്റെ പാരമ്യത്തില്‍ ജോണ്‍സണും ഡൗണിങ് സ്ട്രീറ്റ് ജീവനക്കാരും നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന പുതിയ വെളിപ്പെടുത്തലുകള്‍ പൊതുജനങ്ങളെ രോഷാകുലരാക്കിയിരിക്കുകയാണ്. 

അടുത്ത ബന്ധുക്കളായ രോഗികളെയും മരണപ്പെട്ട പ്രിയപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനോ അവരുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനോ തടയുന്ന തരത്തിലുള്ള ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങള്‍ നിര്‍ബന്ധിതരായപ്പോള്‍ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ച് പാര്‍ട്ടികളില്‍ പങ്കെടുത്തത് കുറച്ചൊന്നുമല്ല ബ്രിട്ടനിലെ ജനങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്.

ആരാകും അടുത്ത പ്രധാനമന്ത്രി?

ബോറിസ് ജോണ്‍സണ്‍ സ്ഥാനമൊഴിഞ്ഞാല്‍ ആരാവും അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന ചോദ്യത്തിന് ഇന്ത്യന്‍ വംശജരടക്കമുള്ളവരുടെ പേരുകളാണ് ഉയര്‍ന്നുവരുന്നത്.

 റിഷി സുനക്

ചാന്‍സലറായ ഇദ്ദേഹത്തിന്റെ പേരാണ് പട്ടികയില്‍ മുന്‍പന്തിയില്‍. കിഴക്കേ ആഫ്രിക്കയില്‍നിന്നുള്ള ഇന്ത്യക്കാരായ ഡോക്ടര്‍-ഫാര്‍മസിസ്റ്റ് ദമ്പതിമാരുടെ മകനാണ് 41-കാരനായ സുനക്.

പഠനത്തിനായി ബ്രിട്ടനിലെ വിന്‍ചെസ്റ്റെറിലെത്തി. പിന്നാലെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. സാമ്പത്തികനയങ്ങളില്‍ ജോണ്‍സനൊപ്പം പ്രവര്‍ത്തിച്ചു. അതേസമയം, അന്തിമതീരുമാനമെടുക്കേണ്ട ടോറി അംഗങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനുള്ള മതിപ്പ് അല്പം ഇടിഞ്ഞിരിക്കുകയാണ്.

പ്രീതി പട്ടേല്‍

ഹോം സെക്രട്ടറിയായ പ്രീതി പട്ടേലിന്റെ (49) വലതുപക്ഷ ചായ്വുള്ള കാഴ്ചപ്പാടുകള്‍ക്കും കുടിയേറ്റത്തെക്കുറിച്ചുള്ള കര്‍ശനമായ നിലപാടുകള്‍ക്കും ടോറി അംഗങ്ങള്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്. പക്ഷേ, ഒട്ടേറെ വിവാദങ്ങളും അവരുടെ പേരിലുണ്ട്. 2010 മുതല്‍ എം.പി.യാണ്. ഏതാനും മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പ്രീതിയുടെ മുത്തച്ഛന്‍ ജനിച്ചുവളര്‍ന്നത് ഗുജറാത്തിലാണ്. പിന്നീട് യുഗാണ്‍ഡയിലേക്ക് കുടിയേറി.

വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ്, ആരോഗ്യസെക്രട്ടറി സജിദ് ജാവിദ്, വ്യവസായ സെക്രട്ടറി ക്വാസി ക്വര്‍ടെങ്, വിദ്യാഭ്യാസ സെക്രട്ടറി നധിം സവാഹി എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍.

Content Highlights: pressure mounts on boris johnson to resign as more partygate allegations comes to light