ലണ്ടന്‍: ബ്രിട്ടണില്‍ അടുത്ത മാസത്തോടെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫഡ്  യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനേകയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുന്‍നിര ആശുപത്രിയെ ഉദ്ധരിച്ച് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാന്‍ ആശുപത്രിക്ക് നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്‍പദനം ത്വരിതപ്പെടുത്താന്‍ ഉതകുന്നതാണ് ഓക്‌സ്‌ഫര്‍ഡിന്റെ വാക്‌സിന്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു. 18-55 പ്രായത്തിലുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്‌സിന് കഴിയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങള്‍ ഉടന്‍തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നിലവില്‍ ലോകത്ത് പലയിടത്തായി നടക്കുന്ന വാക്‌സിന്‍ ഗവേഷണങ്ങളില്‍ എറെ മുന്നോട്ടുപോയിട്ടുള്ളത് ഓക്‌സ്‌ഫഡും ആസ്ട്രസെനേകയും സംയുക്തമായി നടത്തുന്ന ഗവേഷണമാണെന്നാണ് റിപ്പോര്‍ട്ട്. വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ച ഘട്ടത്തില്‍ത്തന്നെ ലോകത്തിലെ വിവിധ കമ്പനികളുമായും സര്‍ക്കാരുകളുമായും വാക്‌സിന്റെ ഉല്‍പാദന-വിതരണ കരാറുകള്‍ ആസ്ട്രസെനേക ഉണ്ടാക്കിയിരുന്നു.

Content Highlights: Prepare for Oxford covid vaccine next month, UK hospital told: Report