ഡൊണാൾഡ് ട്രംപ്, ജോ ബൈഡൻ | Photo: ANI
വാഷിങ്ടണ്‍ : പ്രീ ഇലക്ഷന്‍ സര്‍വ്വേ ഫലങ്ങള്‍ ശരിയായാല്‍ അമേരിക്ക ഇനി ജോബൈഡന്‍ ഭരണത്തിലേക്ക് നീങ്ങും. സിഎന്‍എന്‍ പോള്‍ ഓഫ് പോൾ പ്രകാരം ജോ ബൈഡന് ട്രംപിനേക്കാള്‍ 10 % വോട്ടിന്റെ മുന്‍തൂക്കമുണ്ട്. സര്‍വ്വേ പ്രകാരം ജോ ബൈഡന് ലഭിച്ച ശരാശരി വോട്ട് 52% വും ഡൊണാള്‍ഡ് ട്രംപിന് 42 %വുമാണ്.
ഫോക്‌സ് ന്യൂസ് പ്രി പോള്‍ സര്‍വ്വേ പ്രകാരം ജോ ബൈഡന് 52% വോട്ടും ട്രംപിന് 44% വോട്ടുമാണ് ലഭിക്കുക. ന്യൂയോര്‍ക്ക് ടൈംസ് സര്‍വ്വേയിലും ജോ ബൈഡനാണ് മുന്നില്‍. ജോ ബൈഡന്‍-50%, ട്രംപ് - 41% എന്നിങ്ങനെ പോകുന്നു സര്‍വ്വേ ഫലം. റോയിട്ടേഴ്‌സ് സര്‍വ്വേയിലും ട്രംപിന് ലഭിക്കുന്ന വോട്ടില്‍ ബൈഡനേക്കാള്‍ 10%ത്തിന്റെ കുറവ് കാണിക്കുന്നുണ്ട്. എല്ലാ സര്‍വ്വേഫലങ്ങളുടെയും ശരാശരി എടുത്താലും 10% ത്തോളം വോട്ടിന്റെ മുൻതൂക്കമാണ് ബൈഡനുള്ളത്.
2016ലെ യുഎസ് തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പുള്ള സര്‍വ്വേ ഫലങ്ങള്‍ ഹിലരിക്ലിന്റണ് അനുകൂലമായിരുന്നെങ്കിലും വിജയിച്ചത് ഡൊണാള്‍ഡ് ട്രംപായിരുന്നു. അതേസമയം പല സര്‍വ്വേകളിലും 2%ത്തിന്റെയും 4%ത്തിന്റെയും മുന്‍തൂക്കം മാത്രമേ ഹിലരിക്കുണ്ടായിരുന്നുള്ളൂ എന്നതും ശ്രദ്ധേയമായ കാര്യമാണ്. 2016ലെ തിരഞ്ഞെടുപ്പ് കാമ്പയിന്റെ തുടക്കഘട്ടമായ ഓഗസ്റ്റില്‍ 10% വോട്ടിന്റെ മുന്‍തൂക്കമുണ്ടായിരുന്ന ഹിലാരിക്ക് പിന്നീട് തിരഞ്ഞെടുപ്പിനോടടുത്ത ഘട്ടത്തില്‍ നടത്തിയ സര്‍വ്വേയില്‍ 4%വും 2%വുമായി മുന്‍തൂക്കം ചുരുങ്ങുകയായിരുന്നു.
എന്നാല്‍ ഇത്തവണ നവംബറില്‍ നടത്തിയ അവസാന ഘട്ട സര്‍വ്വേയിലും 10% ത്തിന്റെ മുന്‍തൂക്കം ബൈഡനുണ്ട്. ആ പ്രതീക്ഷയിലാണ് ഡെമോക്രാറ്റ് പാളയം. എന്‍ബിസി സര്‍വ്വേയില്‍ ആഗ്യഘട്ടത്തില്‍ 8% പോളിന്റെ മുന്‍തൂക്കമുണ്ടായിരുന്ന ബൈഡന്‍ തിരഞ്ഞെടപപ്പുനോടടുത്തപ്പോള്‍ 12 %മായി വര്‍ധിച്ചതും വലിയ പ്രതീക്ഷയോടെയാണ് ഡെമോക്രാറ്റുകള്‍ കാണുന്നത്.
കോവിഡ് വ്യാപനം ട്രംപിന് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് കാമ്പയിനിന്റെ അവസാന ഘട്ടത്തില്‍ തിരിച്ചുവരവില്ലെന്ന തരത്തിലുള്ള ചില പ്രതികരണങ്ങള്‍ ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായതെന്നതും എടുത്തു പറയേണ്ട വിഷയമാണ്.
എന്നിരുന്നാലും സര്‍വ്വേ ഫലങ്ങളെയെല്ലാം കാറ്റില്‍ പറത്തി ചിരിവിടര്‍ത്തി ട്രംപ് വീണ്ടും ഭരണത്തിലേറുമെന്ന പ്രതീക്ഷ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വെച്ചു പുലര്‍ത്തുന്നുണ്ട്.
വോട്ടെടുപ്പുകളുടെ ശരാശരി നിലനിര്‍ത്തുന്ന റിയല്‍ ക്ലിയര്‍ പൊളിറ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം മുഖ്യം പോരാട്ടം നടക്കുന്ന ഇടങ്ങളില്‍ ബൈഡന് 2.9 ശതമാനം പോയിന്റ്ന്റെ മുന്‍തൂക്കം മാത്രമാണുള്ളത്.
പ്രധാന സ്ഥലങ്ങളിലെല്ലാം 15 റാലികളുള്‍പ്പെടെ ട്രംപും കുടുംബവും കാമ്പയിന്‍ നടത്തിയതിനാല്‍ ബൈഡന്റെ ലീഡ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചുരുങ്ങി എന്നാണ് റിപ്പോര്‍ട്ടുകൾ.
അതിനാല്‍ തന്നെ കാമ്പയിനിലുടനീളം ബൈഡന്‍ ചിരി നിലനിര്‍ത്തിയെങ്കിലും അവസാന ചിരി ട്രംപിന്റേതാവുമോ എന്നതും തള്ളിക്കളയാനാവില്ല.
content highlights: Pre election surveys says Biden will be the president, But still tight fight in the end
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..