തൃശ്ശൂർ:  പോർച്ചുഗലിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനവിധി തേടി മലയാളി. തൃശ്ശൂർ സ്വദേശിയായ രഘുനാഥ് കടവന്നൂരാണ് പോർചുഗലിലെ വെർമേല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോർച്ചുഗലിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

കഴിഞ്ഞ 11 വർഷത്തോളമായി രഘുനാഥ് പോർച്ചുഗലിൽ ജോലി ചെയ്തുവരികയാണ്. നാട്ടിൽ എസ് എഫ് ഐ പ്രവർത്തകനായിരുന്ന രഘുനാഥ് പോർച്ചുഗലിലെത്തിയെങ്കിലും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചില്ല. പോർച്ചുഗലിലെ ഇടത് പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് പോർചുഗലിൽ അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു.

മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി വന്നവർ കാരണം പോർചുഗലിലെ ജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെടുന്നു എന്ന രീതിയിൽ വലിയ പ്രചരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. മറ്റു പാർട്ടികളാണ് ഇത്തരത്തിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. അത് കൊണ്ട് തന്നെ ഇതിനെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. തുടർന്ന് സ്ഥാനാർത്ഥിയാവുകയായിരുന്നു എന്ന് രഘുനാഥ് പറയുന്നു.

മറ്റുള്ള പാർട്ടികളൊക്കെ ഒറ്റക്കാണ് മത്സരിക്കുന്നത്. എന്നാൽ ഇടതുപക്ഷ പാർട്ടിയും വേറൊരു പരിസ്ഥിതി പാർട്ടിയും ചേർന്ന് സംയുക്തമായിട്ട് സിഡിയു എന്ന പേരിലാണ് മത്സരിക്കുന്നത്. നാട്ടിലുള്ള പാർട്ടി സംവിധാനം പോലെയല്ല പോർചുഗലിലെ പാർട്ടി സംവിധാനമെന്നും രഘുനാഥ് വ്യക്തമാക്കി.

Content Highlights: Portugal Local elections - Thrissur native men CPP candidate