ക്രിസ്മസ് പ്രമാണിച്ച് വീടലങ്കരിച്ച തോരണങ്ങളും നക്ഷത്രങ്ങളും മറ്റും അഴിച്ചു മാറ്റുന്നതിനായാണ് വിന്‍സ് മാറ്റേഴ്‌സണ്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിയത്. അവിടെ നിന്ന് താഴേക്ക് നോക്കിയപ്പോഴാണ് വിന്‍സ് കൗതുകകരമായ കാഴ്ച കണ്ടത്.  വിന്‍സിന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറ പകര്‍ത്തിയ വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ സൂപ്പര്‍സ്റ്റാറായിരിക്കുകയാണ് വിന്‍സിന്റെ വളര്‍ത്തുനായ എയ്‌സ്. അമേരിക്കയിലെ പോര്‍ട്ട്‌ലാന്‍ഡ് സ്വദേശിയാണ് വിന്‍സ് മാറ്റേഴ്‌സണ്‍.

ഓമനിച്ചു വളര്‍ത്തുന്ന നായകള്‍ക്കൊരു 'പ്രശ്‌ന'മുണ്ട്. അവയുടെ ഉടമസ്ഥര്‍ ഏതിടത്തേക്ക് നീങ്ങിയാലും പിന്തുടരും. വീടിന്റെ മുക്കിലും മൂലയിലും അവ അനുഗമിക്കും, യജമാനന്റെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനാണോ യജമാനനെ സംരക്ഷിക്കാനാണോയെന്ന് അവയ്ക്ക് മാത്രമേ അറിയൂ. അത്തരമൊരു പ്രവൃത്തിയാണ് എയ്‌സിന്റെ ഭാഗത്ത് നിന്നുണ്ടായത്. പക്ഷെ അല്‍പം സാഹസികമായിരുന്നു എയ്‌സിന്റെ നീക്കം. 

വിന്‍സിന്റെ പിന്നാലെ രണ്ട് ഗോള്‍ഡന്‍ റിട്രീവര്‍ നായകളും എത്തി. കോണി വഴിയാണ് വിന്‍സ് മേല്‍ക്കൂരയിലേക്ക് കയറിയത്. മുകളിലെത്തി കുറച്ചു കഴിഞ്ഞ് വിന്‍സ് നോക്കുമ്പോഴാണ് രണ്ട് നായകളും കോണിക്കരികില്‍ നില്‍ക്കുന്നത് കണ്ടത്, തൊട്ടുപിന്നാലെ എയ്‌സ് കോണിക്ക് മുകളിലേക്ക് കയറുന്ന കാഴ്ചയും. ചുവടു പിഴക്കാതെ നാല് കാലുകളും കൃത്യമായി വെച്ച് എയ്‌സ് വിന്‍സിനരികിലെത്തി. എയ്‌സിനൊപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ നായ ബോ പോലും അന്തം വിട്ടു പോയെന്ന് വിന്‍സ് പറഞ്ഞു.  

മുകളിലെത്തിക്കഴിഞ്ഞപ്പോള്‍ താന്‍ ചെയ്തത് സാഹസികമായിപ്പോയെന്ന് എയ്‌സിന് തോന്നിയതായി അവന്റെ മുഖഭാവം വെളിപ്പെടുത്തിയെന്ന് വിന്‍സ് പറഞ്ഞു.താഴേക്ക് വിന്‍സ് നായയെ എടുത്തിറങ്ങുകയാണ് ചെയ്തത്. ഭാരമേറിയ എയ്‌സിനെ എടുത്തിറങ്ങിയത് അവന്‍ കോണി കയറിയതിനേക്കാള്‍ സാഹസികമായെന്ന് വിന്‍സ് തമാശരൂപേണ പറഞ്ഞു. ബോ കൂടി കോണി കയറിയെങ്കില്‍ താനാകെ പെട്ടേനെയെന്ന് വിന്‍സ് കൂട്ടിച്ചേര്‍ത്തു.