വെറുമൊരു കാറപകടം, ഒന്ന് കൈവിട്ടു പോയതാണ്. പക്ഷെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച അപകടത്തിന്റെ വീഡിയോ നാല് ദിവസങ്ങള്‍ക്കുള്ളില്‍ ട്വിറ്ററിലൂടെ മാത്രം കണ്ടത് 43 ലക്ഷത്തിലധികം പേരാണ്. ഒരു പോര്‍ഷെ കാറാണ് പാര്‍ക്ക് ചെയ്യുന്നതിനിടെ അപകടത്തില്‍ പെട്ടത്. 

യുകെയിലെ എസ്സെക്‌സിലാണ് വൈറലായ ഈ അപകടം നടന്നത്. ഒരു ചെറിയ കയറ്റത്തിലേക്ക് കാറോടിച്ച് കയറ്റുന്നതാണ് ആദ്യം വീഡിയോയില്‍. വളരെ പതുക്കെ ശ്രദ്ധയോടെയാണ് വളവ് തിരിഞ്ഞ് കാര്‍ വഴിയിലേക്ക് കയറുന്നത്. പിന്നെയെല്ലാം ഞൊടിയിടയിലാണ് നടക്കുന്നത്. നിയന്ത്രണം വിട്ട് മുന്നിലുള്ള എസ് യു വിയില്‍ ഒന്നിടിച്ച് കാറിന്റെ 'ക്രാഷ് ലാന്‍ഡിങ്ങാ'ണ് പിന്നെ, അതും കയറ്റത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറിന് മുകളില്‍. 

കൈവിട്ടു പോയതെന്ന് പറയുന്നതിനേക്കാള്‍ കാല്‍ വിട്ടു പോയന്ന് പറയുന്നതാവും ഈ അപകടത്തിന്റെ കാര്യത്തില്‍ യോജിക്കുന്നത്. ആക്‌സിലറേറ്ററില്‍ ഡ്രൈവറൊന്നമര്‍ത്തി ചവിട്ടിയതാണ് അപകടകാരണം. കാറോടിച്ചിരുന്നയാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായാണ് വിവരം. 81 ലക്ഷം രൂപ വിലവരുന്ന കാര്‍ അപകടത്തിന് അഞ്ച് ദിവസം മുമ്പ് മാത്രമാണ് വാങ്ങിയത്. ഡ്രൈവറിന് പരിക്കൊന്നുമില്ലെങ്കിലും കാറിന്റെ സ്ഥിതി അതല്ലെന്നാണ് സൂചന. 

ആദ്യം യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ പിന്നീട് മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെടുകയായിരുന്നു. ഡ്രൈവറുടെ 'കാറോടിക്കല്‍ പ്രാവീണ്യ'ത്തെ കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

 

Content Highlights: Porsche Drives Over Wall, Lands On Another Car In Viral Video