വത്തിക്കാന്‍: അറബ് അധിനിവേശമാണ് യൂറോപ്പില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇത് സാമൂഹിക സത്യവും വസ്തുതയുമാണ്. അധിനിവേശം യൂറോപ്പിനെ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും നല്ല കാര്യമാണെന്നും മാര്‍പ്പാപ്പ ചൂണ്ടിക്കാട്ടി. ഫ്രഞ്ച് ക്രിസ്ത്യന്‍ സംഘത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. 

അറബ് അധിനിവേശത്തെ പ്രശ്നവല്‍ക്കരിക്കേണ്ട ആവശ്യമില്ല. സാമൂഹിക-സാംസ്‌കാരിക രംഗത്ത് യൂറോപ്പിനെ പുതിയ മാറ്റങ്ങള്‍ക്ക് വിധേയമാക്കാന്‍ ഇത് സഹായിക്കും. രാജ്യങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിയമം യൂറോപ്പിനെ കൂടുതല്‍ സമ്പുഷ്ടമാക്കും.

യൂറോപ്പിന്റെ കുടിയേറ്റ ചരിത്രത്തെ ഓര്‍മിപ്പിച്ചു കൊണ്ടാണ് മാര്‍പ്പാപ്പ പ്രസ്താവന നടത്തിയിരിക്കുന്നത്. സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ അഭയാര്‍ഥി പ്രവാഹത്തെ പുതിയ മാറ്റമായി കാണണം. സാംസ്‌കാരിക ഏകത്വം നിലനില്‍ക്കുന്ന, ലോകത്തെ ഏക മേഖല യൂറോപ്പാകുമെന്ന് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. 

അഭയാര്‍ഥികള്‍ക്ക് അനുകൂലമായി മാര്‍പ്പാപ്പ നേരത്തെ രംഗത്ത് വന്നിരുന്നു. എന്നാല്‍, അറബ് കുടിയേറ്റം യൂറോപ്പിന് നല്ലതാണെന്ന രീതിയിലുള്ള പരാമര്‍ശം ആദ്യമായിട്ടാണ് മാര്‍പ്പാപ്പ നടത്തുന്നത്. നിലവില്‍ 3,62,800 സിറിയക്കാരും 1,21,500 ഇറാഖികളും യൂറോപ്പില്‍ അഭയാര്‍ത്ഥികളായുണ്ടെന്നാണ് യൂറോപ്യന്‍ കമ്മിഷന്റെ കണക്ക്. വിവിധ രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സഹാചര്യത്തിലാണ് മാര്‍പ്പാപ്പയുടെ പരാമര്‍ശം.

യൂറോപ്പിലെ ക്രിസ്ത്യന്‍ ഇടവകകളോട് അഭയാര്‍ത്ഥി കുടുംബങ്ങളെ ദത്തെടുക്കാന്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തിരുന്നു.