വത്തിക്കാൻ സിറ്റി: തന്നെ കാണാനെത്തിയ തീര്‍ഥാടകസംഘത്തിലെ കന്യാസ്ത്രീയോട് തന്നെ കടിക്കരുതെന്നാവശ്യപ്പെട്ട് മാര്‍പാപ്പ സന്ദര്‍ശകര്‍ക്കിടയില്‍ ചിരി പടര്‍ത്തി. ബുധനാഴ്ച നടന്ന പ്രതിവാര പൊതു പരിപാടിയ്ക്ക് മുന്നോടിയായാണ് മാര്‍പാപ്പ വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരെ ആശീര്‍വദിക്കാനെത്തിയത്. കൈ നല്‍കി അഭിവാദനം ചെയ്യുന്നതിനിടെയാണ് മാര്‍പാപ്പ തമാശയായി കടിക്കരുതെന്നാവശ്യപ്പെട്ടത്. 

വത്തിക്കാന്‍ സിറ്റിയിലെ പേപ്പല്‍ ഓഡിയന്‍സ് ഹാളില്‍ സന്ദര്‍ശകര്‍ക്കിടയിലെ കന്യാസ്ത്രീ കൈനീട്ടി ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മാര്‍പാപ്പ തമാശ രൂപേണ അപേക്ഷ അറിയിച്ചത്. എനിക്ക് ഭയമാണ്, നിങ്ങള്‍ കടിക്കും, നിങ്ങള്‍ക്ക് വേണമെങ്കില്‍ ഞാനൊരു ചുംബനം നല്‍കാം, പക്ഷെ ശാന്തത കൈവിടരുത്, കടിക്കുകയും അരുത്. മാര്‍പാപ്പ പറഞ്ഞു. 

പുതുവര്‍ഷരാവില്‍ വിശ്വാസികള്‍ക്ക് കൈ നല്‍കി ആശംസ അറിയിക്കുന്നതിനിടെ ഒരു യുവതി ബലമായി അദ്ദേഹത്തിന്റെ കൈ പിടിച്ചു വെയ്ക്കുകയും പിടി വിടാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് മാര്‍പാപ്പ യുവതിയുടെ കൈയില്‍ അടിക്കുകയും പിടിവിടുവിച്ച് നടന്നു നീങ്ങുകയും ചെയ്തിരുന്നു. അനിഷ്ട സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. യുവതിയുടെ ബലമായ പിടിയില്‍ മാര്‍പാപ്പയ്ക്ക് വേദന അനുഭവപ്പെട്ടതായി അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ പിന്നീടദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു. സ്ത്രീകളുടെ മേല്‍ ഏതു വിധേനയുള്ള ഉപദ്രവവും ദൈവനിന്ദയാണെന്നും അതിനാല്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചില സന്ദര്‍ഭങ്ങളില്‍ തന്റെ ക്ഷമ നഷ്ടപ്പെടുന്നതായി സമ്മതിക്കുന്നതായും മാര്‍പാപ്പ അറിയിച്ചിരുന്നു. സംഭവത്തില്‍ മാര്‍പാപ്പയെ അനുകൂലിച്ച് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. സംഭവത്തിന് ശേഷം മാര്‍പാപ്പയുടെ ആദ്യ പൊതുപരിപാടിയായിരുന്നു ബുധനാഴ്ചത്തേത്.

 

Content Highlights: Pope jokes to nun at first audience since hand-slap video