വത്തിക്കാന്‍: എട്ടുരാജ്യങ്ങളില്‍ നിന്നുളള 13 പേരെ മാര്‍പാപ്പ ഞായറാഴ്ച കര്‍ദിനാള്‍ സ്ഥാനത്തേക്ക് നാമനിര്‍ദേശംചെയ്തു. നവംബര്‍ 28-നാണ് ഇവരെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുക. 

ഇവരില്‍ ഒമ്പതുപേര്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയെ ഭാവിയില്‍ നിശ്ചയിക്കുന്ന കോണ്‍ക്ലേവിന്റെ ഭാഗമായിരിക്കും.

ഇറ്റലി, മാള്‍ട്ട, റുവാണ്ട, യു.എസ്‌, ഫിലിപ്പൈന്‍സ്, ചിലി, ബ്രൂണൈ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നാണ് ഒമ്പത് പുതിയ കര്‍ദിനാള്‍മാര്‍ എത്തുന്നത്‌.

ഇവരില്‍ ഒരാള്‍ വാഷിങ്ടണ്‍ ഡി.സി. ആര്‍ച്ച് ബിഷപ്പ് വില്‍ട്ടണ്‍ ഗ്രിഗറിയാണ്.

ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനാണ് 72-കാരനായ ഗ്രിഗറി. ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്കയിലെ വംശീയ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് അദ്ദേഹം ആഹ്വാനം ചെയ്ത് ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് ഗ്രിഗറി.

കഴിഞ്ഞ ജൂണില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പരോക്ഷമായി ഏറ്റുമുട്ടിയും ഗ്രിഗറി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെിന്റെ റോമന്‍ കത്തോലിക്കാ ദേവാലയത്തിലേക്കുള്ള സന്ദര്‍ശനത്തെയാണ് ഗ്രിഗറി വിമര്‍ശിച്ചത്. ഇതേ തുടര്‍ന്ന് ട്രംപ് അനുകൂലികള്‍ ഇദ്ദേഹത്തിനെതിരെ തിരിഞ്ഞിരുന്നു. 

കഴിഞ്ഞവര്‍ഷമാണ് യു.എസ്. തലസ്ഥാനത്തെ രൂപതയ്ക്ക് നേതൃത്വം നല്‍കാന്‍ ഗ്രിഗറിയെ പാപ്പ തിരഞ്ഞെടുത്തത്. യു.എസിലെ ബിഷപ്പ് കോണ്‍ഫറന്‍സിന്റെ തലവനായി അദ്ദേഹം മൂന്നുതവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.