റോം: കൊറോണ വൈറസ് ബാധയുടെ ഭീതിയില്‍ സ്തംഭിച്ചിരിക്കുകയാണ് ഇറ്റലി. ഇതിനിടയില്‍ ആളൊഴിഞ്ഞ റോമിലെ തെരുവിലൂടെ കാല്‍നടയായി ദേവാലയത്തിലേയ്ക്ക് നടന്നുപോകുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധനേടുന്നത്. ഇറ്റലിയില്‍ കോവിഡ് 19 രോഗബാധ ഉയര്‍ത്തിയ ഭീതിയും ശൂന്യതയും പ്രതിഫലിപ്പിക്കുന്നതാണ് വത്തിക്കാന്‍ മാധ്യമം പുറത്തുവിട്ട ചിത്രം. 

കൊറോണ എന്ന മഹാമാരിയില്‍നിന്നുള്ള വിടുതലിനായി പ്രാര്‍ഥിക്കുന്നതിനാണ് റോമിലെ രണ്ട് പ്രമുഖ ദേവാലയങ്ങളിലേയ്ക്ക് മാര്‍പാപ്പ കാല്‍നടയായി സഞ്ചരിച്ചത്. ഞായറാഴ്ച വൈകുന്നേരം സാന്ത മരിയ ബസിലിക്കയില്‍ പ്രാര്‍ഥിച്ച ശേഷം സെന്റ്. മാര്‍സെലോ പള്ളിയിലേയ്ക്ക് വിയ ഡെല്‍ കോര്‍സോ തെരുവിലൂടെ ഏകനായി നടന്നുപോകുന്ന മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

1522ല്‍ റോമില്‍ പ്ലേഗ് പടര്‍ന്നുപിടിച്ചപ്പോള്‍ മാര്‍സെലോ പള്ളിയില്‍ സ്ഥാപിച്ച ക്രൂശിത രൂപത്തിന് മുന്നില്‍നിന്ന് പ്രാര്‍ഥിക്കാനായിരുന്നു മാര്‍പാപ്പയുടെ യാത്ര. ഏതാനും അംഗരക്ഷകര്‍ മാത്രമാണ് അദ്ദേഹത്തിനൊപ്പമുള്ളത്. മുന്‍പ് ലോകത്തെങ്ങുനിന്നുമുള്ള ജനങ്ങള്‍ തിക്കിത്തിരക്കിയിരുന്ന തെരുവില്‍ കാര്യമായി ജനങ്ങളോ വാഹനങ്ങളോ ഉണ്ടായിരുന്നില്ല. 

pop francis
Image: Vatican Media

മഹാമാരിയ്ക്ക് അവസാനമുണ്ടാകുന്നതിനും രോഗബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി മാര്‍പാപ്പ പ്രത്യേക പ്രാര്‍ഥന നടത്തിയതായി പിന്നീട് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ഈസ്റ്റര്‍ ആഴ്ചയിലെ പരിപാടികള്‍ വിശ്വാസികളില്ലാതെ നടത്തുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 

pop francis
Image: Vatican Media

നിലവിലെ ആഗോള പ്രതിസന്ധി പരിഗണിച്ച് ഇത്തവണ വിശുദ്ധ ആഴ്ചയിലെ ആഘോഷങ്ങള്‍ വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തമില്ലാതെ നടക്കും എന്നാണ് പ്രഖ്യാപനം. ഏപ്രില്‍ 12 വരെ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള പ്രാര്‍ഥനകളും ചടങ്ങുകളും വത്തിക്കാന്റെ ഔദ്യോഗിക വാര്‍ത്താ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി കാണാം.

കൊറോണ വൈറസ് ബാധമൂലം ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. 1809 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 24,747 പേര്‍ക്ക് രോഗമുണ്ട്. വൈറസ് ബാധയില്‍ ഇറ്റലി പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. 

Content Highlights: Pope Francis in dramatic visit to empty Rome to pray for end of virus