റോം: മഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക മറിയം ത്രേസ്യയടക്കം അഞ്ചുപേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഭരത സഭയുടെ പ്രാര്‍ഥനകളും പ്രതീക്ഷകളും സഫലമാക്കിയാണ് തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരിയിലെ അമ്മ പുണ്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്.
കവിയും ചിന്തകനുമായിരുന്ന ജോണ്‍ ഹെന്റി ന്യൂമാന്‍ (ഇംഗ്ലണ്ട്), സിസ്റ്റര്‍ ജ്യൂസെപ്പിന വാനീനി (ഇറ്റലി), സിസ്റ്റര്‍ ഡല്‍ച്ചേ ലോപ്പസ് പോന്റസ് (ബ്രസീല്‍), മര്‍ഗരീത്ത ബേയ്സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് മറിയംത്രേസ്യയ്ക്കൊപ്പം വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന വിശുദ്ധബലിയിലാണ് പ്രഖ്യാപനം നടന്നത്. ആഗോള കത്തോലിക്ക സഭയില്‍ ഒരു വിശുദ്ധയായി മറിയം ത്രേസ്യ ഇനി മുതല്‍ അറിയപ്പെടും.
ഭാരതത്തില്‍നിന്ന് വി. അല്‍ഫോന്‍സാമ്മ, വി. കുര്യാക്കോസ് ചാവറ ഏലിയാസച്ചന്, ഏവുപ്രാസ്യാമ്മ, മദര്‍ തെരേസ എന്നിവര്‍ക്കുശേഷം വിശുദ്ധ പദവിയിലേക്കുയര്‍ത്തപ്പെടുന്നയാളാണ് മറിയം ത്രേസ്യ. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുള്ളവര്‍ ഉള്‍പ്പെട്ട ഇന്ത്യയില്‍നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനില്‍ നടന്ന ചടങ്ങുകള്‍ക്ക് സാക്ഷിയായി. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യയില്‍നിന്നുള്ള സംഘത്തെ നയിക്കുന്നത്. ചടങ്ങുകള്‍ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന വലിയ സംഘമാണ് വത്തിക്കാനില്‍ എത്തിയിട്ടുള്ളത്. ശനിയാഴ്ച വൈകിട്ടു നടന്ന ജാഗരാനുഷ്ഠാന പ്രാര്‍ഥനയില്‍ ഇവര്‍ പങ്കെടുത്തു. ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച റോമിലെ വിശുദ്ധ അനസ്താസിയയുടെ ബസലിക്കയില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും ഇവര്‍ പങ്കെടുക്കും. സിറോമലബാര്‍ സഭ മേലധ്യക്ഷന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദിവ്യബലിയിലും പ്രാര്‍ഥനകളിലും സഭാപിതാക്കന്മാരും വൈദികരും സഹകാര്‍മികരാകും.

Content Highlights: Pope Francis elevates Mariam Thresia to sainthood