ബെനഡിക്ട് പതിനാറാമൻ മാർപാപ്പ | Photo : AP
വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു- "ദൈവമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു!". അരികത്തുണ്ടായിരുന്ന ശുശ്രൂഷകന് ആ അവസാനവാക്കുകള്‍ റെക്കോഡ് ചെയ്തു. അദ്ദേഹത്തില്‍ നിന്നുയര്‍ന്ന അവസാനത്തെ വാക്കുകളായിരുന്നു ഇത്.
"അടക്കംപറയുന്ന പോലൊരു ശബ്ദം മാത്രം. പക്ഷെ വേര്‍തിരിച്ചറിയാന്‍ കഴിയുന്നത്ര അതിന് വ്യക്തതയുണ്ടായിരുന്നു. അദ്ദേഹം ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞു, ദൈവമേ, ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു! ആ സമയത്ത് ഞാനവിടെയുണ്ടായിരുന്നില്ല, പക്ഷെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ശുശ്രൂഷകന് പിന്നീട് ഇക്കാര്യം എന്നോട് പറഞ്ഞു". ബെനഡിക്ട് മാര്‍പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായ ആര്‍ച്ച്ബിഷപ് ഗിയോര്ഗ് ഗന്സൈ്വന് വത്തിക്കാന്‍ ന്യൂസിനോട് പറഞ്ഞു. ഇതായിരുന്നു ബെനഡിക്ട് മാര്‍പാപ്പയുടെ അവസാനവാക്കുകളെന്നും അതിനുശേഷം അദ്ദേഹത്തിന് യാതൊന്നും പറയാന്‍ സാധിച്ചില്ലെന്നും ഗിയോര്ഗ് ഗന്സൈ്വന് കൂട്ടിച്ചേര്‍ത്തു.
ആറ് പതിറ്റാണ്ടിനിടെ സ്വമേധയാ സ്ഥാനത്യാഗംചെയ്ത ഏക മാര്‍പാപ്പയാണ് ബെനഡിക്ട് മാര്‍പാപ്പ. 2013 ഫെബ്രുവരിയില്‍ ലോകത്താകമാനമുള്ള വിശ്വാസികളെ ഞെട്ടിച്ചുകൊണ്ടാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ആഗോള കത്തോലിക്കാസഭയെ എട്ടുവര്‍ഷം നയിച്ച തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചിരുന്നു. പോപ്പ് എമിരിറ്റസിന്റെ ആരോഗ്യനിലയില്‍ വെള്ളിയാഴ്ച നേരിയപുരോഗതിയുണ്ടായതിനെത്തുടര്ന്ന് അദ്ദേഹം വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ അറിയിച്ചിരുന്നു.
യാഥാസ്ഥിതികനും അതേസമയം, പുതുകാലത്തോട് സംവദിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയുമായിരുന്നു ബെനഡിക്ട് മാര്‍പാപ്പ. ഗ്രീന്‍ പോപ്പ്, സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പോപ്പ് എന്നിങ്ങനെ വിശേഷണങ്ങളുള്ള അദ്ദേഹം ധാര്‍മികതയുടെ കാവലാളെന്നും അറിയപ്പെട്ടു.
ജോസഫ് അലോഷ്യസ് റാറ്റ്സിങ്ങറെന്നാണ് യഥാര്‍ഥ പേര്. 2005 ഏപ്രില്‍ 19-ന് ജോണ്‍ പോള്‍ രണ്ടാമന്റെ വിയോഗത്തോടെ എഴുപത്തെട്ടാം വയസ്സിലാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേവര്‍ഷം മേയ് ഏഴിന് സ്ഥാനമേറ്റു. ബെനഡിക്ട് പതിനാറാമനെന്ന പേരും സ്വീകരിച്ചു. ക്ലമന്റ് പന്ത്രണ്ടാമനുശേഷം മാര്‍പാപ്പപദവിയിലെത്തിയ ഏറ്റവുംപ്രായംകൂടിയ വ്യക്തിയായി. 2013 ഫെബ്രുവരി 28-ന് വാര്‍ധക്യസഹജമായ അവശതകളാല്‍ സ്ഥാനമൊഴിഞ്ഞു. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാര്‍ഥനയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനായിരുന്ന സമയത്ത് ബെനഡിക്ട് പതിനാറാമന്‍ കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന അദ്ദേഹം മാര്പാപ്പയാകുന്നതിനുമുമ്പ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകന്‍, മ്യൂണിക് ആന്‍ഡ് ഫ്രയ്സിങ് അതിരൂപതാ മെത്രാപ്പോലീത്ത, കര്‍ദിനാള്‍, വിശ്വാസ തിരുസംഘത്തിന്റെ തലവന്‍, കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബവേറിയയിലാണ് ജനിച്ചത്. ജര്‍മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകള്‍ വശമുള്ള പാപ്പ, പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധകാലത്ത് സൈനികനായിരുന്നു റാറ്റ്സിങ്ങര്‍. 1945-ല്‍ യുദ്ധത്തടവുകാരനായി. ആ വര്‍ഷം ജൂണില്‍ മോചിതനായ അദ്ദേഹവും സഹോദരനും സെമിനാരിയില്‍ ചേരുകയായിരുന്നു. 1951-ജൂണ്‍ 29-ന് വൈദികപ്പട്ടം ലഭിച്ചു. ദൈവശാസ്ത്ര താത്വിക-ധാര്‍മിക മേഖലകളില്‍ 160 ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
Content Highlights: Pope Benedict's Last Words, Recorded By His Bedside Nurse, Pope Benedict XVI
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..