ട്രെല്യു (അര്‍ജന്റീന): അര്‍ജന്റീനയില്‍ തെക്കന്‍ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പൂര്‍ണമായും പിങ്ക് നിറമായി മാറി. ഇത് അപകടമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചെമ്മീന്‍ കയറ്റുമതി ചെയ്യുമ്പോള്‍ കേടുകൂടാതെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു കാരണമുണ്ടായ മലിനീകരണമാണ് ഇതെന്ന്  വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. 

മത്സ്യ ഫാക്ടറികളില്‍ ഉപയോഗിക്കുന്ന സോഡിയം സള്‍ഫൈറ്റ് എന്ന രാസവസ്തുവാണ് ഈ നിറത്തിന് പിന്നില്‍. കോര്‍ഫോ തടാകത്തിലേക്കും പ്രദേശത്തെ മറ്റ് ജലസ്രോതസ്സുകളിലേക്കും വെള്ളം എത്തിക്കുന്ന ചുബട്ട് നദിയിലേക്ക് ഈ മാലിന്യം ഒഴുക്കി വിടുന്നതാണ് കായലിന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്.

നദിക്കും തടാകത്തിനും ചുറ്റുമുള്ള ദുര്‍ഗന്ധവും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ചും താമസക്കാര്‍ വളരെക്കാലമായി പരാതിപ്പെട്ടിരുന്നു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയറിസിന് തെക്ക് 1,400 കിലോമീറ്റര്‍ അകലെയാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്.

തടാകം കഴിഞ്ഞയാഴ്ച പിങ്ക് നിറമാവുകയും അസാധാരണ നിറമായി തന്നെ തുടരുകയാണെന്നും സമീപവാസികള്‍ പറയുന്നു. 

കഴിഞ്ഞ ആഴ്ചകളില്‍, അയല്‍നഗരമായ ട്രെല്യുവില്‍ നിന്നുള്ള സംസ്‌കരിച്ച മത്സ്യ മാലിന്യങ്ങള്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള സംസ്‌കരണ പ്ലാന്റുകളിലേക്ക് തങ്ങളുടെ തെരുവുകളിലൂടെ കൊണ്ടുവരുന്നത് തടയാന്‍ റോസണ്‍ നിവാസികള്‍ വലിയ ട്രക്കുകള്‍ റോഡിന് കുറുകെ നിരത്തി പ്രതിഷേധിച്ചിരുന്നു. 

''ദിവസവും ഡസന്‍ കണക്കിന് ട്രക്കുകള്‍ മാലിന്യമാണ് ഇവിടേക്ക് കൊണ്ടുവരുന്നത്, ഞങ്ങള്‍ക്ക് ഇനി ഇത് സഹിക്കാന്‍ കഴിയില്ല,'' സമീപവാസിയായ ലഡ പറഞ്ഞു.

പ്രതിഷേധം കാരണം റോസണ്‍ നഗരത്തിലേക്ക് മാലിന്യം കൊണ്ടുപോകാന്‍ കഴിയാത്തതിനാല്‍,  കോര്‍ഫോ തടാകത്തിലേക്ക് മാലിന്യങ്ങള്‍ ഒഴുക്കാന്‍ ഫാക്ടറികള്‍ക്ക് അധികൃതര്‍ അനുമതി നല്‍കുകയായിരുന്നു.

ഈ നിറം മാറ്റം തടാകത്തിന് കേടുപാടുകള്‍ വരുത്തില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാകുമെന്നും ചുബട്ട് പ്രവിശ്യയിലെ പരിസ്ഥിതി നിയന്ത്രണ മേധാവി ജുവാന്‍ മൈക്കെലൗഡ് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. 

എന്നാല്‍ ട്രെല്യു നഗരത്തിന്റെ ആസൂത്രണ സെക്രട്ടറി സെബാസ്റ്റ്യന്‍ ഡി ലാ വല്ലിന ഇതിനോട് വിയോജിച്ചു. ഇത്രയും ഗുരുതരമായ ഒരു സംഭവത്തെ ചെറുതായി കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ചുബട്ട് പ്രവിശ്യയില്‍, പ്രധാനമായും ചെമ്മീന്‍ കയറ്റുമതിക്കായി മത്സ്യം സംസ്‌ക്കരിക്കുന്ന ഫാക്ടറികളില്‍ ആയിരക്കണക്കിന് ആളുകളാണ്  ജോലി ചെയ്യുന്നത്.

അര്‍ജന്റീനയുടെ അറ്റ്‌ലാന്റിക് അധികാരപരിധിയിലുള്ള നിരവധി വിദേശ മത്സ്യകമ്പനികള്‍ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

Content Highlights: Pollution turns an Argentinan lake to pink colour