ന്യൂയോര്‍ക്ക്:  പോളിയോ വാക്‌സിന് കോവിഡ് പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് പഠനം.  ലോകം കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍ അക്ഷീണം പ്രയത്‌നിക്കവേ നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ രോഗപ്രതിരോധത്തിന് ഉപയോഗിക്കാനാകുമോയെന്നാണ് ഒരുകൂട്ടം ഗവേഷകര്‍ പരിശ്രമിക്കുന്നതിനിടെയാണ് പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.

മെഡിക്കല്‍ ജേര്‍ണലായ സയന്‍സിലാണ് നിലവില്‍ ഉപയോഗത്തിലുള്ള പോളിയോ വാക്‌സിന് കോവിഡിനെതിരെ താത്കാലിക പ്രതിരോധം നല്‍കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. നിര്‍വീര്യമാക്കപ്പെട്ട ജീവനുള്ള വൈറസുകളെയാണ് പോളിയോ വാക്‌സിന് വേണ്ടി ഉപയോഗിക്കുന്നത്.  ഈ വാക്‌സിന്‍ സ്വീകരിച്ച ആളില്‍ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിക്കുമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോളിയോയ്‌ക്കെതിരെ മാത്രമല്ല അതുമായി ബന്ധമില്ലാത്ത മറ്റ് രോഗവാഹകര്‍ക്കെതിരെയും ഈ വാക്‌സിന്‍ പ്രതിരോധ ശേഷി നല്‍കുന്നുണ്ടെന്ന് പഠനത്തില്‍ പറയുന്നു.

വില്ലന്‍ ചുമ, ക്ഷയം എന്നീ രോഗങ്ങള്‍ക്കെതിരായ വാക്‌സിനുകളും പലതരം അണുബാധകള്‍ക്കെതിരെ സംരക്ഷണം നല്‍കുന്നതായും സയന്‍സ് ജേര്‍ണലിലെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  കോവിഡ് ബാധിക്കുന്നതിന് കാരണം അണുബാധകളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാലാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അതിനാല്‍ ജീവനുള്ളതും എന്നാല്‍ രോഗകാരികളല്ലാത്തതുമായ അണുക്കളെ ഉപയോഗിച്ചുള്ള വാക്‌സിനുകളിലൂടെ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിച്ച് അതിലൂടെ കോവിഡ് ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതിനാല്‍ ഓറല്‍ പോളിയോ വാക്‌സിന്‍ ഉപയോഗിച്ചുള്ള റാന്‍ഡം പരിശോധനയില്‍ ഗുണപരമായ മാറ്റം കാണുകയാണെങ്കില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള ദുര്‍ബലരായ ആളുകളില്‍ ഈ പോളിയോ വാക്‌സിന്‍ ഉപയോഗിച്ച് അവരെ രോഗത്തില്‍ നിന്ന് സംരക്ഷണം നല്‍കാമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു.

ഇസ്രായേല്‍, നെതര്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഹ്യൂമന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് ഗാലോ, അന്താരാഷ്ട്ര വൈറോളജി വിദഗ്ധരുടെ കൂട്ടായ്മയായ ഗ്ലോബല്‍ വൈറസ് നെറ്റ്‌വര്‍ക്കിലെ അംഗമായ ഡോ. കോണ്‍സ്‌റ്റൈന്‍ ചുംകോവ് എന്നിവരടങ്ങുന്ന വിദഗ്ധരാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവെക്കുന്നത്. ഇവരാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

ജീവനുള്ള അണുക്കളെ ഉപയോഗിക്കുന്ന വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ ശരീരം പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ഏത് രോഗാണുവാണോ ശരീരത്തിനുള്ളില്‍ പ്രവേശിച്ചത് അതിനെതിരെയുള്ള കൃത്യമായ ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിക്കുന്നതുവരെ രോഗാണുവിനെ പ്രതിരോധിച്ച് നിര്‍ത്താനാണ് ശരീരം ഇങ്ങനെ ചെയ്യുന്നത്.  

ഈ തിയറി പ്രകാരം പോളിയോ വാക്‌സിന്‍ നല്‍കിയാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയരുമെന്നും കോവിഡിനെതിരായ വാക്‌സിന്‍ ലോകം വികസിപ്പിക്കുന്നതുവരെ താത്കാലിക പ്രതിരോധമാര്‍ഗമെന്ന നിലയില്‍ രോഗത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇവ ശാസ്ത്രീയമായി തെളയിക്കാന്‍ പഠനങ്ങള്‍ ആവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Content Highlights: Polio vaccine could give temporary protection against COVID-19, scientists Study