ഇസ്ലാമാബാദ്: പാകിസ്താനില്‍ പോളിയോ വാക്‌സിനേഷന്‍ സംഘത്തിന്റെ സുരക്ഷ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. വടക്കുപടിഞ്ഞാറന്‍ പാക്കിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവശ്യയിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

പെഷവാര്‍ ജില്ലയിലെ ദൗദ്സായി പ്രദേശത്ത് ബൈക്കില്‍ എത്തിയ തോക്കുധാരികള്‍ പോലീസ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു. പോലീസുകാരന്‍ പോളിയോ സംഘത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു. 

വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും അവരുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും തീവ്രവാദികളും ആക്രമണത്തിന് ഇടയാകുന്നത് പാകിസ്താനില്‍ പതിവാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിയോ വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. 

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ കഴിഞ്ഞ വര്‍ഷം പോളിയോ വൈറസ് മുക്തമായതായി പ്രഖ്യാപിച്ചതിന് ശേഷം പാകിസ്താനും അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനും മാത്രമാണ് ലോകത്ത് പോളിയോ ബാധയുള്ള രണ്ട് രാജ്യങ്ങള്‍. പോളിയോ വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന് അരോപിക്കുന്ന തീവ്രവാദികള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് രോഗം ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ ഗുരുതരമായാണ് ബാധിക്കുന്നത്. 

Content Highlights: Policeman escorting polio workers killed in Pakistan