ഒക്ലഹോമ(അമേരിക്ക): നായകളുടെ ആക്രമണത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട വീട്ടമ്മയുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ട്രേസി ഗ്രേഷ്യ എന്ന 52കാരിയെയാണ് അയല്‍വാസിയുടെ നായകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

മെയ് 10നാണ് ട്രേസി കൊല്ലപ്പെട്ടത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്നതു സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. സംഭവസ്ഥലത്തെത്തിയ പോലീസിന് 7 നായകളിലൊന്നിനെ വെടിവയ്‌ക്കേണ്ടതായും വന്നെന്ന് അധികൃതര്‍ അറിയിച്ചു. ബാക്കി 6 എണ്ണത്തിനെയും ഉടമയുടെ അപേക്ഷയെത്തുടര്‍ന്ന് ദയാവധത്തിന് വിധേയമാക്കി.

ഡാഷ് ഹണ്ട്-ടെറിയര്‍ സങ്കര ഇനത്തില്‍ പെട്ട നായകളില്‍ ഒരെണ്ണത്തിന് മൂന്നും ബാക്കിയുള്ളവയ്ക്ക് ഒരു വയസ്സില്‍ താഴെയുമാണ് പ്രായം. വളരെ നീളം കുറഞ്ഞ കാലുകളുള്ള ഇവയ്ക്ക്  18 കിലോഗ്രാമില്‍ താഴെയാണ് ഭാരം. ഏറെ അപകടകാരികളായാണ് ഈ ഇനത്തില്‍ പെട്ട നായകളെ കണക്കാക്കുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.