സമിന ബിബി ആശുപത്രിയിൽ
മുസഫറാബാദ്: പാക് അധീന കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ ഹിമപാതത്തില്‍ പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിക്ക് പുതുജീവന്‍. ചൊവ്വാഴ്ചയാണ് സമിന ബിബിയെ ജീവനോടെ കണ്ടെത്തിയത്.
'ഞാന്‍ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചു. രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി'-സമിന പറയുന്നു. കണ്ടെത്തുമ്പോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്.
മുസഫറാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സമിന. മഞ്ഞിടിച്ചിലില്‍ പരിക്കേറ്റ നിരവധി പേര്‍ ഇതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. 'ഞങ്ങള്‍ മഞ്ഞിന്റെ ഇരമ്പല്‍ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ എല്ലാം സംഭവിച്ചു. സമിന ഭാഗ്യമുള്ള കുട്ടിയാണ്.' സമിനയുടെ അമ്മ ഷഹ്നാസ് പറയുന്നു.
തിങ്കളാഴ്ചയാണ് കശ്മീരിലെ നീലം വാലിയില്‍ മഞ്ഞിടിച്ചില്‍ ഉണ്ടാകുന്നത്. ഹിമപാതത്തില്‍ മരണസംഖ്യ 100 ആയതായി പാകിസ്താന്‍ ദേശീയ ദുരന്ത നിര്‍വഹണ വിദഗ്ധര്‍ അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച കൂടുതല്‍ ശക്തമായ ഹിമപാതമുണ്ടാകാനുളള സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.
Content Highlights: PoK avalanches:Girl Buried In Snow For 18 Hours Found Alive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..