ന്യൂയോര്‍ക്ക്: സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയതിന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. ന്യൂയോര്‍ക്കില്‍ യു.എന്‍. ജനറല്‍ അസംബ്ലിക്കിടെ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പുരസ്‌കാരം സമ്മാനിച്ചത്. 

ഈ അംഗീകാരം എനിക്കുമാത്രമല്ലെന്നും, സ്വച്ഛ് ഭാരത് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിച്ച കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കുള്ളതാണെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നരേന്ദ്രമോദി പറഞ്ഞു. ഈ പദ്ധതിയിലൂടെ ലക്ഷക്കണക്കിനുപേരെ വിവിധ അസുഖങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനായെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തില്‍ ഈ പുരസ്‌കാരം ലഭിച്ചത് എന്നെ സംബന്ധിച്ച് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്- മോദി പറഞ്ഞു. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് 11 കോടിയിലധികം കക്കൂസുകള്‍ നിര്‍മിച്ചു. കക്കൂസുകള്‍ ഇല്ലാത്തതിനാല്‍ ഒരുപാട് പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചിരുന്നു. നമ്മുടെ പെണ്‍മക്കള്‍ക്ക് പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കക്കൂസുകള്‍ ഇല്ലാത്തതിനാല്‍ അവര്‍ പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുകയായിരുന്നു.പക്ഷേ, സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇതെല്ലാം മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Content Highlights: pm narendra modi receives global goalkeeper award for swach bharath mission