ടെക്‌സാസ്: സ്വഛ് ഭാരത് പദ്ധതി ഒന്നാം മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളില്‍ ഒന്നായിരുന്നു. ശുചിത്വ അവബോധം ഇന്ത്യക്കാരില്‍ വളര്‍ത്താനുദ്ദേശിച്ചാണ് മോദി സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. ശുചിത്വമെന്ന ആശയത്തോടുള്ള തന്റെ പ്രതിബദ്ധത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.  

ഹൗഡി മോദി പരിപാടിയില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തിയ മോദിയുടെ ചെറിയൊരു പ്രവൃത്തി ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകം ഏറ്റെടുത്തിരിക്കുകയാണ്. ടെക്‌സാസിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സ്വാഗതമരുളാനായി നിരവധി ഉദ്യോഗസ്ഥരാണ് എത്തിയിരുന്നത്. പൂക്കള്‍ നല്‍കി മോദിയെ സ്വാഗതം ചെയ്യുന്നതിനിടെ അദ്ദേഹത്തിന് നല്‍കിയ ബൊക്കെയില്‍ നിന്ന് ഒരു പൂവ് താഴെ വീണു. 

സാധാരണഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ രാഷ്ട്രനേതാക്കളുടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ അത് പെറുക്കി മാറ്റുകയാണ് ചെയ്യുക. എന്നാല്‍ മോദി താഴെവീണ പൂവിന് മറ്റെന്തിനേക്കാളും പ്രാധാന്യം നല്‍കുകയും അത് എടുത്തുമാറ്റുകയും ചെയ്തു. ഉദ്യോഗസ്ഥരില്‍ ഇത് അമ്പരപ്പിന് ഇടയാക്കുകയും ചെയ്തു. മോദിയുടെ ഈ പ്രവൃത്തി ഇന്റര്‍നെറ്റില്‍ ജനം ഏറ്റെടുത്തു. 

മോദിയും ട്രംപും പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടി ഇന്ന് നടക്കും. 50,000 ഇന്ത്യന്‍ വംശജരേയാണ് പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഹൂസ്റ്റണിലെ ഊര്‍ജമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. 

Content Highlights: PM Narendra Modi arrives in Houston