.jpg?$p=48405e6&f=16x10&w=856&q=0.8)
സെലൻസ്‌കി, മോദി (ഫയൽ ചിത്രം) photo: AP, ANI
ന്യൂഡല്‍ഹി: യുക്രൈനില്‍ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഏതുവിധത്തിലും സഹായം നല്‍കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധം അടിയന്തരമായി അവസാനിപ്പിച്ച് ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. സെലന്‍സ്‌കിയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുദ്ധം മൂലം യുക്രൈനില്‍ നിരവധി ജീവനുകളും സ്വത്തുക്കളും നഷ്ടപ്പെട്ടതില്‍ മോദി അഗാധമായ ദുഖം രേഖപ്പെടുത്തി. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിലും സെലന്‍സ്‌കിയുമായുള്ള ചര്‍ച്ചയില്‍ മോദി ആശങ്ക പ്രകടിപ്പിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ എത്രയും വേഗത്തില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ യുക്രൈനിയന്‍ അധികൃതരുടെ സഹായവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
റഷ്യന്‍ സേന അക്രമണം ശക്തമാക്കിയ സാഹചര്യത്തില്‍ യുക്രൈനിലെ നിലവിലെ സ്ഥിതിഗതികളും ടെലിഫോണ്‍ സംഭാഷണത്തില്‍ സെലന്‍സ്‌കി മോദിയെ ധരിപ്പിച്ചു. യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ വേണമെന്നും ഒന്നിച്ചുനിന്ന് യുദ്ധം അവസാനിപ്പിക്കണമെന്നും മോദിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ സെലന്‍സ്‌കി ട്വീറ്റ് ചെയ്തിരുന്നു.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതിയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗ സമിതിയിലുള്ള 11 രാജ്യങ്ങളും പിന്തുണച്ചിരുന്നു. ഇന്ത്യക്ക് പുറമേ ചൈനയും യുഎഇയും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സ്ഥിരാംഗമെന്ന നിലയില്‍ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസായിരുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..