വാഷിങ്ടൺ: ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നേരേന്ദ്ര മോദി അമേരിക്കയിലാണ്. വ്യാഴാഴ്ച പുലർച്ചെ ഇന്ത്യൻ സമയം മൂന്നരയോടെയാണ് എയർ ഇന്ത്യ വൺ വിമാനത്തിൽ മേരിലാൻഡിലെ ജോയിന്റ് ബേസ് അൻഡ്രൂസ് വ്യോമതാവളത്തിൽ മോദി ഇറങ്ങിയത്. സന്ദർശനത്തിൽ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്, ക്വാഡ് രാഷ്ട്ര നേതാക്കളായ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജപ്പാന പ്രധാനമന്ത്രി യോഷിഹിദെ സുഗ എന്നിവരുമായി മോദി വെവ്വേറെ ചർച്ചകൾ നടത്തി.

നേതാക്കൾക്ക് കൈ നിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി യുഎസിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മോദി സമ്മാനിച്ചത് കമലയ്ക്ക് ഒരു ഗുലാബി മീനാകരി ചെസ്സ് സെറ്റായിരുന്നു.

ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രസിഡന്റായി എത്തിയതിന്റെ സന്തോഷം ഇന്ത്യയിലും പ്രതിഫലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ പൂർവ്വികരുടെ ഓർമ്മകളുണർത്തുന്ന സമ്മാനം കൂടി മോദി കമല ഹാരിസിന് നൽകിയിരിക്കുന്നത്.

കമല ഹാരിസിന്റെ മുത്തച്ഛൻ പിവി ഗോപാലൻ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. വിവിധ സർക്കാർ തസ്തികകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്മരണകളുണർത്തുന്ന തരത്തിൽ അദ്ദേഹത്തിന്റെ പഴയ സർക്കാർ ഉദ്യോഗ നോട്ടിഫിക്കേഷനുകളുടെ കോപ്പിയും കമലാ ഹാരിസിന് മോദി സമ്മാനിച്ചു.

ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരങ്ങളിൽ ഒന്നായ കാശിയുമായി ബന്ധപ്പെട്ടതാണ് മോദി സമ്മാനിച്ച ചെസ്സ് സെറ്റ്. 

ചെസ്സ് ബോർഡിലെ ഓരോ കരുക്കളും കരകൗശലവസ്‌തുക്കളായാണ് നിർമ്മിച്ചിരിക്കുന്നത്. വിവിധ വർണ്ണങ്ങളാൽ നിർമ്മിച്ചിരിക്കുന്ന കരുക്കൾ കാശിയുടെ ആകർഷണീയത പൂർണ്ണമായും പ്രതിഫലിക്കുന്ന രീതിയിലാണ്.

വെള്ളി നിറത്തിലുള്ള ഗുലാബി മീനാകാരി കപ്പലാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് പ്രധാനമന്ത്രി സമ്മാനിച്ചത്. ഇതും വിവിധ വർണ്ണങ്ങളാൽ കാശിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു തരം കരകൗശലവസ്‌തുവാണ്. 

അതേസമയം ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗയ്ക്ക് ചന്ദനം കൊണ്ടുണ്ടാക്കിയ ഒരു ബുദ്ധ പ്രതിമയാണ് മോദി സമ്മാനിച്ചത്. 

Content Highlights: PM Modi presents Kamala Harris, other world leaders with unique gifts from Kashi