പ്രധാനമന്ത്രി മോദി റോമിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു | Photo: Twitter|Arindam Bagchi
റോം: ജി-20 ഉച്ചകോടിക്കായി റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി പ്രതിമ സന്ദര്‍ശിച്ച് പുഷ്പാര്‍ച്ചന നടത്തി. റോമിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം സംവദിച്ചു.
'ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശങ്ങളുള്ള മഹാത്മാവായ ബാപ്പുവിനെ സ്മരിക്കുന്നു. ഇറ്റലിയിലെ റോമിലെ പിയാസ ഗാന്ധിയിലെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാഞ്ജലി അര്‍പ്പിച്ചു'- വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി വ്യാഴാഴ്ചയാണ് നരേന്ദ്രമോദി റോമിലെത്തിയത്. അധികാരമേറ്റതിന് ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ റോം സന്ദര്‍ശനമാണ് ഇത്.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍, റോമിലെ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ദെര്‍ ലെയെന്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഒക്ടോബര്‍ 30ന് മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുമെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ ലൈബ്രറി ഹാളിലായിയിരിക്കും കൂടിക്കാഴ്ച.
12 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി റോമിലെത്തുന്നത്. 30, 31 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. റോം സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി യു.കെയിലേക്ക് പോകും.
Content Highlights: PM Modi pays floral tribute to Mahatma Gandhi bust at Rome
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..