റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി മാര്‍ പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 1999ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്. 

മോദിയും മാര്‍ പാപ്പയും തമ്മില്‍ ഇന്ന് ഇന്ത്യന്‍ സമയം 12 മണിയ്ക്ക് പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചര്‍ച്ച സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പിന്നീട് വ്യക്തമാക്കും.

പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് മോദി ഇറ്റലിയിലെത്തിയത്. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

MODI Pope Francis
മോദിയും മാർ പാപ്പയും തമ്മില്‍ നടന്ന ചർച്ചയില്‍നിന്ന് | ഫോട്ടോ: AFP PHOTO /VATICAN MEDIA / HANDOUT

ഇറ്റലിയിലെത്തിയ മോദി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ചാള്‍സ് മിഷേല്‍, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല ഫണ്‍ ഡെയര്‍ ലെയെന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദരാഗി എന്നിവരുമായി കഴിഞ്ഞ ദിവസം മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ അവിടത്തെ ആദ്യ ഔദ്യോഗിക ചടങ്ങില്‍ വ്യാപാരം, നിക്ഷേപ ബന്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, കോവിഡ്, ദേശീയ, ആഗോളവികസനം തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചചെയ്തത്. മെച്ചപ്പെട്ട ഭൂമി സൃഷ്ടിക്കാനായി മനുഷ്യബന്ധങ്ങളും സാമ്പത്തിക ബന്ധങ്ങളും ഊഷ്മളമാക്കുന്നതിനെക്കുറിച്ച് നേതാക്കള്‍ ആശയങ്ങള്‍ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. തുടര്‍ന്ന്, പിയാസ ഗാന്ധിയിലുള്ള മഹാത്മാ ഗാന്ധി പ്രതിമയില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. 

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി വിമാനത്താവളത്തിലിറങ്ങിയത്. ഇറ്റാലിയന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇറ്റലിയിലെ ഇന്ത്യന്‍ സ്ഥാനപതിയും ചേര്‍ന്ന് സ്വീകരിച്ചു. 12 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി റോം സന്ദര്‍ശിക്കുന്നത്. 

ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

Content Highlights: PM Modi invites Pope Francis to visit India