ന്യൂഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ ശക്തരായ വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്‍പതാം സ്ഥാനത്ത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങാണ് പട്ടികയില്‍ ഒന്നാമത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ രണ്ടാം സ്ഥാനത്തും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മൂന്നാം സ്ഥാനത്തുമുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ലോകത്തെ ശക്തരായ വ്യക്തികളുടെ പട്ടികയില്‍ 32ാം സ്ഥാനമുണ്ട്. ജര്‍മന്‍ ചാന്‍സ്‌ലര്‍ ആഞ്ചേല മെര്‍ക്കല്‍ നാലാം സ്ഥാനത്തും ആമസോണ്‍ മേധാവി ജെഫ് ബെസോസ് അഞ്ചാം സ്ഥാനത്തും ഫ്രാന്‍സിസ് മാര്‍പാപ്പ ആറാം സ്ഥാനത്തുമുണ്ട്.

ഏഴാം സ്ഥാനത്ത് ബില്‍ഗേറ്റ്‌സും എട്ടാം സ്ഥാനത്ത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമാണ്. ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് പട്ടികയില്‍ 13ാം സ്ഥാനത്താണ്. ഉത്തരകൊറിയയിലെ കിം ജോങ് ഉന്നിന് പട്ടികയില്‍ 36ാം സ്ഥാനവും പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് 68ാം സ്ഥാനവുമുണ്ട്. ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കാണ് 75 പേര്‍ ഉള്‍പ്പെട്ട പട്ടികയില്‍ 73ാം സ്ഥാനം.