ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപില്‍ എത്തി. തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണ് ഇത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മോദിയുടെ യാത്രയുടെ ലക്ഷ്യം. അയല്‍ രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണ് യത്ര.
മാലെ വിമാനത്താവളത്തില്‍ എത്തിയ മോദിയെ മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. 2018 നവംബറിലാണ് മോദി നേരത്തെ മാലദ്വീപില്‍ സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ മാലദ്വീപ് വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദ്ദീന്‍ മോദി ഏറ്റുവാങ്ങും.
മാലദ്വീപ് പാര്‍ലമെന്റായ മജ്‌ലിസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മോദി മാലദ്വീപിലെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തും. മാലദ്വീപിന്റെ വികസനത്തിലും സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനും സഹായിക്കുന്ന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെക്കും. മാലദ്വീപിന്റെ രണ്ട് പ്രതിരോധ പദ്ധതികള്‍ മോദിയും മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് സോലിയും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും.
content highlights: PM Modi Arrives In Maldives