Image: NDTV
ആകാശത്തില്‍ ഉയര്‍ന്നുപറക്കുന്ന വിമാനത്തില്‍ മിന്നല്‍പിണരേല്‍ക്കുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ. വിമാനത്തില്‍ മിന്നലേറ്റാല്‍ അപകടമുണ്ടായേക്കാം. എന്നാല്‍ ഒന്നിന് പകരം മൂന്ന് മിന്നല്‍പ്പിണരുകള്‍. അതും മൂന്ന് വ്യത്യസ്തദിശകളില്‍ നിന്ന് ഒരേ സമയത്ത്. എന്നാല്‍ അപകടത്തെ അതിശയകരമായി അതിജീവിച്ച് ആ വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു.
വിമാനത്താവളത്തിലേക്കെത്തുന്നതിന് കുറച്ചു നിമിഷങ്ങള്‍ക്ക് മുമ്പായിരുന്നു വിമാനത്തിന് നേരെ 'മിന്നലാക്രമണ'മുണ്ടായത്. കാര്‍മേഘങ്ങള്‍ മൂടിയ അന്തരീക്ഷമായിരുന്നതിനാല്‍ മിന്നലുണ്ടാകാനുള്ള സാധ്യത നിലനിന്നിരുന്നു.
ഒരു കെട്ടിടത്തിന്റെ ഏഴാമത്തെ നിലയില്‍ നിന്നിരുന്ന ആളാണ് ക്യാമറയില്‍ ദൃശ്യം പകര്‍ത്തിയത്. കൃത്യസമയത്ത് ക്യാമറയില്‍ ആ കാഴ്ച പകര്‍ത്താനായതിന്റെ അദ്ഭുതത്തിലാണ് അയാള്‍. വിമാനത്തിന് മിന്നലേറ്റ് അപകടമുണ്ടായി എന്നുതന്നെ കരുതിയതായി അയാള്‍ പറഞ്ഞു.
വിമാനത്തില്‍ മിന്നല്‍പ്പിണരുകള്‍ പതിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വിമാനത്തിനോ വിമാനത്തിലെ യാത്രക്കാര്‍ക്കോ അപകടമുണ്ടായിട്ടുണ്ടോ എന്നായിരുന്നു വീഡിയോ കണ്ട പലരുടേയും ആശങ്ക. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ നിര്‍മാണം.
എല്ലാ വിമാനങ്ങള്‍ക്കും രണ്ടു കൊല്ലത്തിലൊരിക്കലെങ്കിലും മിന്നലേല്‍ക്കാറുണ്ടെന്നാണ് കണക്ക്. മിന്നലില്‍ നിന്നുണ്ടാകുന്ന വൈദ്യൂതാഘാതം പോലെയുള്ള അപകടത്തെ അതിജീവിക്കുന്ന തരത്തിലാണ് വിമാനത്തിന്റെ പുറംഘടന. വിമാനത്തിനുള്ളിലെ യാത്രക്കാര്‍ക്ക് മിന്നല്‍ കാണാനോ അനുഭവിക്കാനോ സാധിക്കാറില്ലെന്നതാണ് വാസ്തവം.
Content Highlights: Plane Hit By 3 Lightning Bolts At Once In London
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..