മോസ്‌കോ: റഷ്യയില്‍ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. ടട്ടര്‍സ്റ്റാനിലെ മെന്‍സെലിന്‍സ്‌ക് നഗരത്തിന് സമീപമാണ് വിമാനം തകര്‍ന്നു വീണതെന്ന് അധികൃതരെ ഉദ്ധരിച്ച് ആര്‍ഐഎ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എല്‍ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന്  തകര്‍ന്നുവീണത്. 23 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍നിന്ന് ഏഴുപേരെ രക്ഷപ്പെടുത്തി. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തില്‍പ്പെട്ട വിമാനം രണ്ടായി പിളര്‍ന്നു. ചികിത്സയില്‍ കഴിയുന്ന ഏഴുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. റഷ്യയില്‍ ഈ വര്‍ഷംതന്നെ രണ്ട് എല്‍ 410 വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഹ്രസ്വദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന രണ്ട് എന്‍ജിനുള്ള വിമാനമാണിത്.

Content Highlights: Plane crashes in Russia; 16 dead