ജോര്‍ജിയയുടെ ഉള്‍നാട്ടില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഒരു കുടുംബത്തിലെ നാലംഗങ്ങള്‍ ഉള്‍പ്പെടെ മരണാനന്തരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യാനയിലേക്ക് പോയവരാണ് അപകടത്തില്‍ പെട്ടത്. 

അറ്റ്‌ലാന്റയുടെ തെക്കുകിഴക്ക് നൂറ് മൈല്‍(16 കിമീ)അകലെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തില്‍ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി പുട്‌നാം കൗണ്ടി ഷെരീഫ് ഹൊവാര്‍ഡ് സില്‍സ് അറിയിച്ചു. 

ഫ്‌ളോറിഡ മോറിസ്റ്റണ്‍ സ്വദേശി ലാറി റേ പ്രൂയിറ്റ്(67), ഗൈനസ് വില്ലെ സ്വദേശി ഷോണ്‍ ചാള്‍സ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), ഇവരുടെ മക്കളായ ജെയ്‌സ്(6), ആലിസ്(4) എന്നിവരാണ് മരിച്ചത്. 

ഫ്‌ളോറിഡയിലെ വില്ലിന്‍സ്റ്റണില്‍ നിന്ന് ഇന്ത്യാനയിലെ ന്യൂകാസിലിലേക്ക് പോയ പൈപര്‍ പിഎ 31-ടി വിമാനമാണ് തകര്‍ന്നുവീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. 

വിമാനം തകര്‍ന്നു വീഴുന്നതിന് മുമ്പ് തീപിടിച്ചതായി സംഭവസ്ഥലത്തിന്‌ സമീപത്ത് താമസിക്കുന്നയാള്‍ അറിയിച്ചു. വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് വനപ്രദേശത്തുണ്ടായ തീപിടിത്തമണയ്ക്കാന്‍ ശ്രമം തുടരുന്നു. എഫ്എഎയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും അപകടത്തെ കുറിച്ച് അന്വേഷണം നടത്തും. 

Content Highlights: Plane crashes in rural Georgia; 2 children among the 5 dead