റിയോ ഡീ ജെനീറോ: ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി സഞ്ചരിക്കുകയായിരുന്ന വിമാനം കൊളംബിയയില്‍ തകര്‍ന്ന സംഭവത്തില്‍ മരണം 75 ആയതായി റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിയതായും കൂടുതല്‍ ആരും രക്ഷപ്പെട്ടതായി സൂചനയില്ലെന്നും കൊളമ്പിയന്‍ പോലീസ് മേധാവി ജോസ് ഏസവെദോ ഒസ്സ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോപ്പസുഡാ അമേരിക്ക ടൂര്‍ണ്‍മെന്റില്‍  പങ്കെടുക്കാന്‍ പുറപ്പെട്ട ചെപ്‌കോയിന്‍സ് എന്ന ഫുട്‌ബോള്‍ ടീം സഞ്ചരിച്ച വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കളിക്കാരും ടീം ഒഫീഷ്യലുകളും ജീവനക്കാരുമടക്കം 81 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ആറുപേര്‍ രക്ഷപ്പെട്ടതായി നേരത്തെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപകടസ്ഥലത്തു നടത്തിയ പരിശോധനയില്‍ രക്ഷപ്പെട്ട മറ്റാരെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്നാണ് ബാക്കിയുള്ളവര്‍ മരിച്ചതായി പോലീസ് വ്യക്തമാക്കിയത്.

ഫുട്‌ബോള്‍ താരങ്ങളായ അലന്‍ റുഷല്‍, മാര്‍കോസ് ഡാനിലോ, ജാക്‌സണ്‍ ഫോള്‍മന്‍ എന്നിവരും ഡോക്ടര്‍ റാഫേല്‍ ഗൊബ്ബാറ്റോ, മാധ്യമപ്രവര്‍ത്തകന്‍ റാഫേല്‍ ഹെന്‍സല്‍, ഫ്‌ളൈറ്റ് ക്രൂ ജിമേന സുവാരസ് എന്നിവരുമാണ് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read More: ആകാശത്തെ റെഡ് കാര്‍ഡും ചാള്‍ട്ടന്റെ ഒറിജിനല്‍ സേവും

 

കൊളംബിയയിലെ മെഡ്‌ലിയല്‍ വിമാനത്താവളത്തില്‍  ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ലാന്‍ഡിംഗിനിടെയാണ് അപകടം എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്. 

ബ്രസിലീയന്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വച്ചതിനെ തുടര്‍ന്നാണ് ഒന്നാം ഡിവിഷന്‍ ടീമായ ചെപ്കോയിന്‍സിന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റായ സുഡോ അമേരിക്കയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്ന ആരും ഈ ടീമില്‍ ഇല്ലെങ്കിലും ബ്രസീലിന്റെ ജൂനിയര്‍ ടീമുകളില്‍ കളിച്ചവര്‍ ഈ ടീമിലുണ്ടെന്നാണ് സൂചന.

 

plane crash

copa sudano