രാജ്യത്ത് ജനാധിപത്യഭരണം പുനഃസ്ഥാപിക്കമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജനതയ്ക്ക് നേര്‍ക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന സൈനികര്‍ക്ക് മുന്നില്‍ മുട്ടുകുത്തി ഒരു സന്ന്യാസിനി. അള്‍ത്താരയ്ക്ക് മുന്നിലോ ആരാധനാ വേളയിലോ മുന്നില്‍ ഇരുവശത്തേക്കും കൈകള്‍ വിരിച്ച് ദൈവത്തോട് അപേക്ഷിക്കുന്നതു പോലെ ആന്‍ റോസ് ന്യു തോംഗ് എന്ന കന്യാസ്ത്രി അപേക്ഷിക്കുകയാണ്. 'ആ കുഞ്ഞുങ്ങളെ വെറുതേ വിടൂ, പകരം എന്നെ വെടിവെക്കൂ, എന്നെ കൊന്നോളൂ' എന്ന്. 

ലോകത്തിലെ എല്ലാവരേയും സ്വന്തം കുട്ടികളായി കാണുന്ന ഒരു കന്യാസ്ത്രീയുടെ ധീരമായ അപേക്ഷയും ശുഭ്രവസ്ത്രധാരിയായ ആ അമ്മയുടെ ആവശ്യത്തിന് മുന്നില്‍ നിമിഷനേരം മുട്ടുകുത്തിയ സൈനികരും ഉള്‍പ്പെടുന്ന ചിത്രമാണ് മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ജനസംഖ്യയുടെ ബഹുഭൂരിഭാഗം ബുദ്ധമതവിശ്വാസികളുള്ള മ്യാന്‍മറില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭത്തെ ആയുധം കൊണ്ട് അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് സൈന്യം. ധീരതയോടെ പട്ടാളക്കാരെ നേരിട്ട കന്യാസ്ത്രീയെ അഭിനന്ദനങ്ങള്‍ കൊണ്ട് വാഴ്ത്തുകയാണ് ലോകം. മൈറ്റ്‌കൈന ന്യൂസ് ജേണലാണ് ചിത്രം ആദ്യം പ്രസിദ്ധീകരിച്ചത്.

കച്ചിന്‍ സംസ്ഥാന തലസ്ഥാനമായ മ്യിത്ക്യിനയില്‍ തിങ്കളാഴ്ച പ്രതിഷേധക്കാര്‍ തെരുവുകളില്‍ നിരന്നു. റബര്‍ വെടിയുണ്ടകളും കണ്ണീര്‍വാതകവും ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം പ്രയോഗിക്കുന്നുണ്ട്. മ്യിത്ക്യിനയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താനൊരുങ്ങിയെത്തിയ സൈനികസംഘത്തിന് നേരെയാണ് സിസ്റ്റര്‍ ആന്‍ റോസും മറ്റു രണ്ട് സന്ന്യാസിനിമാരും അപേക്ഷയുമായെത്തിയത്. 

'സൈനികര്‍ അവരെ പിടികൂടാനായി ഓടിക്കുന്നത് കണ്ടു, ആ കുഞ്ഞുങ്ങളെ ഓര്‍ത്ത് എനിക്ക് പരിഭ്രമവും വേദനയും തോന്നി'-സിസ്റ്റര്‍ ആന്‍ റോസ് പിന്നീട് പ്രതികരിച്ചു. എങ്ങനെയെങ്കിലും അവരെ രക്ഷിക്കണമെന്ന തോന്നലിലാണ് നാല്‍പത്തിയഞ്ചുകാരിയായ ആ കന്യാസ്ത്രീ മുട്ടുകുത്തിയത്. എന്നാല്‍ നിമിഷങ്ങള്‍ക്ക് ശേഷം തന്റെ പിന്നില്‍ പ്രക്ഷോഭകര്‍ക്ക് നേരം സൈനികര്‍ നിറയൊഴിക്കുന്ന ശബ്ദവും നിലവിളിച്ചു കൊണ്ട് ചിതറിയോടുന്ന ജനങ്ങളുടെ ശബ്ദവും കേട്ടതായി അവര്‍ ഓര്‍ക്കുന്നു. 

തലയില്‍ വെടിയേറ്റ് ഒരാള്‍ മരിച്ചു വീഴുന്നതും ലോകം തന്നെ പിളര്‍ന്ന് പോകുന്നതു പോലെ തോന്നിയതായും ആ കന്യാസ്ത്രീ പറയുന്നു. കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ കാഴ്ചയും മങ്ങി. തന്റെ അപേക്ഷയ്ക്ക് ശേഷവും വെടിവെപ്പുണ്ടായത് തന്നെ അത്യധികം വിഷമിപ്പിച്ചുവെന്ന് അവര്‍ പറയുന്നു. 

തിങ്കളാഴ്ച നടന്ന വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ജനകീയ പ്രക്ഷോഭത്തില്‍ ഇതു വരെ അമ്പതോളം പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. ജനാധിപത്യഭരണം പുനഃസ്ഥാപിക്കണമെന്നും നേതാവ് ആങ് സാന്‍ സ്യൂചിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് മ്യാന്‍മറില്‍ സൈനിക അട്ടിമറിയുണ്ടായ ഫെബ്രുവരി ഒന്ന് മുതല്‍ ജനകീയ പ്രക്ഷോഭം നടക്കുന്നത്.