മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ വീശിയടിച്ച ടെംബിന്‍ കൊടുങ്കാറ്റില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഈ മേഖലയിലുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും ആയിരക്കണക്കിനാളുകളുടെ വീട് നഷ്ടപ്പെട്ടു. 

ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയടിച്ചത്. മണിക്കൂര്‍125 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്. 

144 പേരെ ഇപ്പോഴും കാണ്മാനില്ലെന്നാണ് പോലീസ് നല്‍കുന്ന റിപ്പോര്‍ട്ട്. എന്നാല്‍, 40,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 

70,000 ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. മേഖലയില്‍ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. 

ശക്തമായ പ്രളയത്തില്‍ നിറഞ്ഞ സലോങ് നദിയില്‍ നിന്ന് മൃതദേഹങ്ങള്‍ ഇപ്പോഴും ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

മിന്‍ഡാനാവോയില്‍ 135 പേര്‍ കൊല്ലപ്പെടുകയും 72 പേരെ കാണാതാവുകയും ചെയ്തതായി പോലീസ് അറിയിച്ചു. സാബോംഗാ മേഖലയില്‍ 47 പേര്‍ മരിച്ചതായും 72 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. 

ഫിലിപ്പീന്‍സിലെ ഉയര്‍ന്ന് ഗ്രാമപ്രദേശമായ ദലായ ഗ്രാമം അക്ഷരാര്‍ഥത്തില്‍ അപ്രത്യക്ഷമായി. പ്രളയവും കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ ബാധിച്ചത് ഈ മേഖലയെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.