കാബൂള്‍: ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്ത് താലിബാന്‍ സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രി രംഗത്ത്. പിഎച്ച്ഡിയും ബിരുദാനന്തര ബിരുദവുമൊന്നും ഇന്ന് വിലപ്പെട്ടതല്ലെന്നാണ് താലിബാന്‍ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് മൊല്‍വി നൂറുല്ലാ മുനീറിന്റെ വാദം. അധികാരത്തിലുള്ള മുല്ലകള്‍ക്കും താലിബാനികള്‍ക്കും പിഎച്ച്ഡി, എംഎയും പോയിട്ട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലുമില്ലെങ്കിലും ഇവരെല്ലാം മഹാന്‍മാരാണെന്നും നൂറുല്ലാ മുനീര്‍ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

രൂക്ഷമായ വിമര്‍ശനമാണ് ഈ പ്രസ്താവനയ്ക്ക് പിന്നാലെ താലിബാന്‍ സമൂഹമാധ്യമങ്ങളില്‍ നേരിടുന്നത്. പുതിയ സര്‍ക്കാരുണ്ടാക്കി ആഗോള അംഗീകാരം നേടാനായി താലിബാന്‍ സമൂലമായ ഒരു മാറ്റം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും ഇത്തരം പ്രസ്താവനകളും അവകാശവാദങ്ങളും അവര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

Content highlights: Phd, Masters have no value, says taliban education minister