ബെര്‍ലിന്‍: ഫൈസര്‍ -  ബയോണ്‍ടെക്‌ കോവിഡ്‌ വാക്‌സിന്‍ 12 മുതല്‍ 15 വയസുവരെ പ്രായമുള്ളവരില്‍ 100 ശതമാനം ഫലപ്രദമെന്ന്‌ കണ്ടെത്തിയതായി അവകാശവാദം. അമേരിക്കയിലെ 2,260 കൗമാരക്കാരില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ വാക്‌സിന്‍ 100 ശതമാനവും ഫലപ്രദമാണെന്ന്‌ വ്യക്തമായതായി ഫൈസറും ബയോണ്‍ടെക്കും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പരീക്ഷണ വിവരങ്ങള്‍ ഉടന്‍ അമേരിക്കന്‍ അധികൃതര്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും കൈമാറുമെന്നും വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി നല്‍കിയ അനുമതിയില്‍ ഭേദഗതി വരുത്താന്‍ ആവശ്യപ്പെടുമെന്നും കമ്പനി പറയുന്നു. അടുത്ത അധ്യയന വര്‍ഷത്തിനു മുമ്പ്‌ 12 -15 പ്രായപരിധിയില്‍ വരുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ എടുക്കാനുള്ള അനുമതിക്കു വേണ്ടിയാണ്‌ ഫൈസറും ബയോണ്‍ടെക്കും ശ്രമിക്കുന്നതെന്ന്‌ എ.എഫ്‌.പി. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു.

പരീക്ഷണഫലം ആത്മവിശ്വാസം നല്‍കുന്നതാണെന്നും യു.കെ. വകഭേദത്തിന്റെ വ്യാപനത്തെയും തടയാന്‍ കഴിയുമെന്നാണ്‌ വ്യക്തമാകുന്നതെന്നും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്ക്‌ അധികൃതര്‍ പറഞ്ഞു. ഫൈസര്‍ - ബയോണ്‍ടെക്ക്‌ വാക്‌സിന്‍ 16 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ ഉപയോഗിക്കുന്നതിനുള്ള അനുമതി അമേരിക്കയും യൂറോപ്യന്‍ യൂണിയനും നേരത്തെ തന്നെ നല്‍കിയിരുന്നു.

65-ലധികം രാജ്യങ്ങളിലെ മുതിര്‍ന്നവര്‍ക്ക്‌ ഫൈസര്‍ - ബയോണ്‍ടെക്‌ വാക്‌സിന്‍ കുത്തിവെപ്പ്‌ എടുത്തു കഴിഞ്ഞു. വാക്‌സിന്റെ 250 കോടി ഡോസുകള്‍ ഈ വര്‍ഷം ഉത്‌പാദിപ്പിക്കുമെന്നാണ്‌ അവര്‍ വ്യക്തമാക്കിയിട്ടുള്ളത്‌. 

Content Highlights: Pfizr - BioNTech says vaccine 100% effective on 12 - 15 year olds