ടെല്‍ അവീവ്: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനായ ഫൈസറിന്റെ ഫലപ്രാപ്തി 64 ശതമാനമായി കുറഞ്ഞെന്ന് ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം. ജൂണ്‍ ആറുമുതല്‍ ജൂലൈ മൂന്നുവരെയുള്ള കാലയളവിലെ കണക്കാണിത്.

മേയ് രണ്ടു മുതല്‍ ജൂണ്‍ അഞ്ചുവരെയുള്ള കാലയളവില്‍ ഫൈസറിന്റെ ഫലപ്രാപ്തി 94.3 ശതമാനമാണെന്നാണ് കണക്കാക്കിയിരുന്നത്. ഇക്കാലയളവിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ ഫലപ്രാപ്തിയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഇസ്രയേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സിന്‍ഹുവാ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇസ്രയേലില്‍ കോവിഡിന്റെ ഡെല്‍റ്റാ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഫൈസറിന്റെ ഫലപ്രാപ്തി കുറയുന്നതായി കണക്കാക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. അതേസമയം, കോവിഡ്ബാധിതരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കുന്നതിലും രോഗബാധ ഗുരുതരമാകുന്നത് തടയുന്നതിലും ഫൈസര്‍ വാക്‌സിന്‍ രാജ്യത്ത് 93 ശതമാനം ഫലവത്താണ്.

രോഗപ്രതിരോധ ശക്തിക്ഷയമുള്ളവര്‍ വാക്‌സിന്റെ മൂന്നാംഡോസ് സ്വീകരിക്കുന്നത് ആരോഗ്യമന്ത്രാലയം പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്റെ മൂന്നാംഡോസ് നല്‍കുന്നതില്‍ ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. കഴിഞ്ഞ ഡിസംബര്‍ 20-നാണ് ഇസ്രയേല്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. 

content highlights: pfizer vaccine's effectiveness down to 64%- israel