വാഷിങ്ടണ്‍: പ്രായമായവരില്‍ കൊറോണ വൈറസിനെതിരേ ഫൈസര്‍ വാക്‌സിന്‍ 95 ശതമാനത്തിലധികം സംരക്ഷണം നല്‍കുന്നുവെന്ന് പഠനം. രോഗലക്ഷണമുള്ളതും ലക്ഷണവുമില്ലാത്ത കോവിഡ് അണുബാധ തടയുന്നതിന് രണ്ട് ഡോസ് ഫൈസര്‍ വാക്‌സിന്‍ എല്ലാ പ്രായക്കാര്‍ക്കും ഫലപ്രദമാണെന്നും ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

കോവിഡ് മരണനിരക്ക് ഗണ്യമായി കുറയ്ക്കുന്നതിനും രോഗികളുടെ ആശുപത്രി പ്രവേശനം ഒഴിവാക്കാനും ഫൈസര്‍ വാക്‌സിന്റെ രണ്ട് ഡോസുകള്‍ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. പൗരന്മാര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ വ്യാപകമായി നല്‍കിയ ഇസ്രായേലിലെ ജനങ്ങളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ്‌ ശാസ്ത്രജ്ഞര്‍ ഈ വിലയിരുത്തലിലെത്തിയത്.  

ഫൈസര്‍ വാക്സിന്‍ അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ച ശേഷം, ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയം 16 വയസ് മുതലുള്ള 65 ലക്ഷം പൗരന്മാര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരുന്നു. തുടര്‍ന്ന് കോവിഡിനെതിരായ രണ്ട് ഡോസ് വാക്‌സിന്റെ ഫലപ്രാപ്തി ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തി. 

രാജ്യവ്യാപക വാക്‌സിനേഷന്റെ ആദ്യ നാല് മാസങ്ങളിലെ നിരീക്ഷണ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. രോഗലക്ഷണമില്ലാത്ത അണുബാധ, രോഗലക്ഷണമുള്ള അണുബാധ, ആശുപത്രി പ്രവേശനം, ഗുരുതര രോഗം, മരണം എന്നിവ അടിസ്ഥാനമാക്കിയാണ് ഫൈസറിന്റെ ഫലപ്രാപ്തി കണക്കാക്കിയത്.

Content Highlights: Pfizer's COVID-19 Vaccine Shows 95% Efficacy; Very Effective For Elderly: Study