വാഷിങ്ടണ്‍: ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ മറ്റുള്ളവരിലേക്ക് കൊറോണ വൈറസ് പടര്‍ത്തുമോ ഇല്ലയോ എന്നകാര്യത്തില്‍ വ്യക്തതയില്ലെന്ന് ഫൈസര്‍ ചെയര്‍മാന്‍. വാക്‌സിനേഷന്‍ ലഭിച്ച ഒരാള്‍ക്ക് കൊറോണ വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും കമ്പനി ചെയര്‍മാന്‍ പറഞ്ഞു. 

എന്‍ബിസിയുടെ ഒരു പരിപാടിയില്‍ വാക്‌സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വൈറസ് പടര്‍ത്താന്‍ സാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ പരിശോധിക്കേണ്ട ഒന്നാണെന്നും നമുക്കറിയാവുന്ന കാര്യങ്ങള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഔഷധനിര്‍മാണകമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളികളായ ബയേൺടെകും ചേര്‍ന്നാണ് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമെന്ന് ഫൈസര്‍ പറഞ്ഞിരുന്നു. ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിനായി യുകെയും ബഹ്റൈനും അംഗീകരിച്ചിരുന്നു. 

കമ്പനിയുടെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വൈറസ് പടരുന്നതിനെ എങ്ങനെ ബാധിക്കുന്നുവെന്ന കാര്യത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

Content Highlights: Pfizer chairman says need to examine whether vaccinated people can still spread coronavirus