ജെനീവ: തങ്ങളുടെ കോവിഡ് ആന്റിവൈറല്‍ ഗുളിക മറ്റ് കമ്പനികള്‍ക്കും നിര്‍മ്മിക്കാനുള്ള അനുമതി നല്‍കി അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍. ഇതോടെ ഈ മരുന്ന് ലോകത്തിലെ ദരിദ്ര രാജ്യങ്ങള്‍ക്കും കുറഞ്ഞ നിരക്കിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. 

പാക്‌സ്‌ലോവിഡ് എന്ന് പേരിട്ടിരിക്കുന്ന കോവിഡ് പ്രതിരോധ ഗുളിക 95 ദരിദ്ര-വികസ്വര രാജ്യങ്ങളില്‍ യോഗ്യരായ മറ്റ് കമ്പനികള്‍ക്കും നിമ്മിക്കാനുള്ള ഉപകരാര്‍ നല്‍കുമെന്നാണ് ഫൈസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകജനസംഖ്യയുടെ 53 ശതമാനം ജനങ്ങള്‍ക്ക് ഇതിലൂടെ കുറഞ്ഞ നിരക്കില്‍ പാക്‌സ്‌ലോവിഡ് ലഭ്യമാകും. 

നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന കോവിഡ് വാക്‌സിന്റെ നിര്‍മ്മാതാക്കള്‍ കൂടിയാണ് ഫൈസര്‍. ഈ വാക്‌സിന്‍ നിര്‍മ്മിക്കുന്ന കമ്പനികളില്‍ നിന്ന് ഫൈസര്‍ റോയല്‍റ്റി വാങ്ങുന്നില്ല. ഇത് വാക്‌സിന്‍ ഫൈസര്‍ വാക്‌സിന്‍ കുറഞ്ഞ ചിലവില്‍ ജനങ്ങളിലേക്ക് എത്തുന്നതിന് സഹായിക്കുന്നു.  

കോവിഡ് ഗുളികയുടെ നിര്‍മ്മാണം സംബന്ധിച്ച് മെഡിസിന്‍ പേറ്റന്റ് പൂള്‍ കരാറില്‍ ഫൈസര്‍ ഒപ്പുവെച്ചു. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും മറ്റ് അനുമതികള്‍ക്കും ശേഷമായിരിക്കും ഈ മരുന്നിന് ലോകരാജ്യങ്ങള്‍ അനുമതി നല്‍കുക

എച്ച്.ഐ.വി ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന Rtonavir എന്ന മരുന്നിനൊപ്പമാണ് ഫൈസറിന്റെ ഗുളികയും കഴിക്കേണ്ടത്. കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് 89 ശതമാനം ഫലപ്രാപ്തിയുള്ളതാണെന്നാണ് നിലവിലെ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.

Content Highllights: Pfizer Allows Others To Make Its Covid Pill, 53% Of The World To Benefit