ഇസ്ലാമാബാദ്: കശ്മീര്‍ താഴ്വരയില് ലഷ്കര്‍ ഇ ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്ന് സമ്മതിച്ച് പാകിസ്താന് മുന്‍ പ്രസിഡന്റും പട്ടാളമേധാവിയുമായ പര്‍വേസ് മുഷറഫ്. കശ്മീരിലെ ഇന്ത്യന്‍ പട്ടാളത്തെ അടിച്ചമര്‍ത്തുന്നതിന് ലഷ്കര്‍ ഇ ത്വയ്ബയെ താന്‍ പിന്തുണച്ചിരുന്നു, ഹാഫിസ് സയീദിന്റേയും അദ്ദേഹത്തിന്റെ സംഘടനയേയും എപ്പോഴും പിന്തുണക്കുന്നയാളാണ് താനെന്നും പര്‍വേസ് മുഷറഫ് പറഞ്ഞു. പാകിസ്താന് വാര്‍ത്താ ചാനലായ എആര്‍വൈ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഹാഫിസ് സയീദിനേയും അദ്ദേഹത്തിന്റെ സംഘടനയേയും പിന്തുണച്ച് പര്‍വേസ് മുഷറഫ് രംഗത്തെത്തിയത്.
ഹാഫിസ് സയീദിനെയും ലഷ്കര്‍ ഇ ത്വയ്ബയേയും ഇഷ്ടപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മുഷ്റഫിന്റെ ഉത്തരം. താന്‍ അവരെ ഇഷ്ടപ്പെടുന്നതു പോലെ അവര്‍ എന്നേയും ഇഷ്ടപ്പെടുന്നുണ്ടെന്ന് തനിക്കറിയാം. ഹാഫിസ് സയ്യിദുമായി താന്‍ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മുഷ്റഫ് വ്യക്തമാക്കി.
കശ്മീരിലെ ഏറ്റവും വലിയ ശക്തിയാണ് ലഷ്കര്‍ ഇ ത്വയ്ബ. എന്നാല്‍ ഇന്ത്യയും യുഎസ്സും ചേര്‍ന്ന് ലഷ്കര്‍ ഇ ത്വയ്ബയെ തീവ്രവാദ സംഘമായി മുദ്രകുത്തി. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വിഷയമാണെന്നനും മുഷ്റഫ് പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്ന ഇന്ത്യന്‍ വാദത്തെ തള്ളി നേരത്തേയും മുഷറഫ് രംഗത്തെത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തിന് പിന്നില്‍ ഹാഫിസ് സയീദ് ആണെന്ന് കരുതുന്നില്ല. ഇത് ഹാഫിദ് സയീദ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുഷറഫിന്റെ വാദം. പാകിസ്താന് അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കില്ലെന്നും മുഷറഫ് പറഞ്ഞിരുന്നു.
2002ല്‍ മുഷറഫ് പാക് പ്രസിഡന്റ് ആയിരിക്കെയാണ് ലഷ്കര്‍ ഇ ത്വയ്ബയെ നിരോധിക്കുന്നത്. എന്നാല്‍ ഇതിനെ സംബന്ധിച്ച ചോദ്യത്തിന് തനിക്ക്ഹാഫിസ് സെയീദിനേയോ സംഘടനയെ കുറിച്ചോ കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മുഷറഫിന്റെ പ്രതികരണം. കൂടുതല്‍ വിവരങ്ങള്‍ അറിയാമായിരുന്നെങ്കില്‍ ഒരുപക്ഷെ സംഘടനയെ നിരോധിക്കില്ലായിരുന്നുവെന്നും മുഷറഫ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..