ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ട കേസില്‍ പാകിസ്താനിലെ മുന്‍ പട്ടാള ഭരണാധികാരി പര്‍വെസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് നടപടി. മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
കേസില്‍ രണ്ട് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു. മറ്റെല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു. ബേനസീര്‍ വധത്തിലും ഗൂഢാലോചനയിലും പങ്കുള്ള താലിബാന് ഭീകരരെന്ന് അന്വേഷണസംഘം കണ്ടെത്തിയ അഞ്ചുപേരെയാണ് കോടതി വെറുതെവിട്ടത്. റാവല്‍പിണ്ടി മുന്‍ സി.പി.ഒ സൗദ് അസീസ്, റാവല്‍ ടൗണ്‍ മുന്‍ എസ്.പി ഖറം ഷഹ്സാദ് എന്നിവര്‍ക്കാണ് കോടതി തടവുശിക്ഷ വിധിച്ചത്.
ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ 2013 ലാണ് പര്‍വെസ് മുഷറഫിനെ പ്രതിചേര്‍ക്കുന്നത്. അതിനുശേഷം ദുബായിലാണ് മുഷറഫ്. ബേനസീര്‍ വധിക്കപ്പെട്ട സമയത്ത് റാവല്‍പിണ്ടിയിലെ പോലീസ് മേധാവിയായിരുന്നു തടവുശിക്ഷ ലഭിച്ച സൗദ് അസീസ്. അഞ്ചുലക്ഷം രൂപ പിഴയും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോടതി ചുമത്തിയിട്ടുണ്ട്.
രണ്ട് തവണ പാക് പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോ 2007 ഡിസംബര്‍ 27 ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പ് റാലിക്കിടെ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലും വെടിവെപ്പിലും ബേനസീര്‍ കൊല്ലപ്പെട്ടതിനുശേഷം പത്തുവര്‍ഷം കഴിഞ്ഞാണ് കേസിലെ കോടതിവിധി. പാകിസ്താനി താലിബാന് ഭീകരന് ബൈത്തുള്ള മസൂദാണ് ബേനസീര്‍ വധത്തിന് പിന്നിലെന്ന് മുഷറഫ് ഭരണകൂടം ആരോപിച്ചിരുന്നു. 2009 ല്‍ അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ ബൈത്തുള്ള മസൂദ് കൊല്ലപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..