ടൊറന്റോ: കോവിഡ് വാക്സിൻ നിരസിക്കുന്നവർക്ക് ചില നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി കാനഡയിലെ ഒന്റേറിയോ പ്രവിശ്യയിലെ സര്‍ക്കാര്‍.

വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കില്ല. എന്നാൽ വാക്സിൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്ക് ചില സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെട്ടേക്കാമെന്ന് ഒന്റേറിയോ ആരോഗ്യമന്ത്രി ക്രിസ്റ്റിൻ എലിയട്ട് വ്യക്തമാക്കി.

സ്കൂളുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും മറ്റും വാക്സിനേഷൻ തെളിവ് ആവശ്യപ്പെടാൻ കഴിയുമോ എന്ന മാധ്യപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം എല്ലാവരെയും വാക്സിൻ സ്വീകരിക്കാൻ നിർബന്ധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒന്റേറിയോ പ്രീമിയർ ഡഗ് ഫോർഡ് വ്യക്തമാക്കി.

കുത്തിവയ്പ്പ് എടുക്കാനുള്ള തീരുമാനം ഓരോരുത്തർക്കും സ്വമേധയാ എടുക്കാവുന്നതാണ്. എന്നാൽ എല്ലാവരും വാക്സിൻ സ്വീകരിക്കാനാണ് പ്രത്സാഹിപ്പിക്കുന്നതെന്ന് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വാക്സിൻ സ്വീകരിക്കാത്തവർ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാക്സിൻ സ്വീകരിക്കാത്തവർക്ക് യാത്രാ വിലക്ക് അടക്കമുള്ള നിയന്ത്രണങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഏതാണ് മുഖ്യമെന്നതിന് അനുസരിച്ച് ഓരോരുത്തർക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും അധികൃതർ പറയുന്നു. വലിയ തോതിൽ വാക്സിൻ നൽകാനുള്ള വിവിധ രാജ്യങ്ങളുടെ തയ്യാറെടുപ്പ് യാത്രകൾക്കും മറ്റും 'ആരോഗ്യ പാസ്പോർട്ട്' പോലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാമെന്ന ആശങ്കകൾക്കിടയിലാണ് ഒന്റേറിയോ ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

വാക്സിനായി ആരോഗ്യവുകപ്പിന്റെ അനുമതി ലഭിക്കാനുണ്ടെന്നും അടുത്തയാഴ്ചയോടെ ഫൈസർ വാക്സിൻ ഡോസുകൾ കാനഡയ്ക്ക് ലഭിക്കുമെന്നും പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു.

വാക്സിൻ സ്വീകരിക്കാത്തവരെ വേർതിരിക്കാൻ പ്രത്യേക തിരിച്ചറിയൽ സംവിധാനം ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് നേരത്തെ യു.കെ സർക്കാർ നിലപാടെടുത്തിരുന്നു. അടിയന്തര വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ രാജ്യമായിരുന്നു യുകെ.

content highlights:People who refuse 'voluntary' Covid-19 vaccination could face restrictions, Ontario govt warns