ഷാങ്ഹായ് നഗരത്തിൽ നിന്നുള്ള ദൃശ്യം | Photo: Hector RETAMAL / AFP
ഷാങ്ഹായ്: കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനേത്തുടര്ന്ന് ഏര്‍പ്പെടുത്തിയ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വലഞ്ഞിരിക്കുകയാണ് ചൈനയിലെ ഷാങ്ഹായ് നിവാസികള്‍. ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളുമില്ലാതെ ദുരിതത്തിലാണ് ഇവിടുത്തെ ജനങ്ങള്‍. അടച്ചിടലില്‍ വലഞ്ഞ സാധാരണക്കാര്‍ പ്രാദേശിക നേതൃത്വങ്ങളുമായി പോരടിക്കുകയാണ്. ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്.
അതിദാരുണ വിവരങ്ങളാണ് ചൈനയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഷാങ്ഹായില്‍ നിന്ന് പുറത്ത് വരുന്നത്. ഏപ്രില്‍ 5 മുതല്‍ ഷാങ്ഹായ് നഗരം അടച്ചിട്ടിരിക്കുകയാണ്. വുഹാനില്‍ കോവിഡ് തിരിച്ചറിഞ്ഞ ശേഷമുള്ള ചൈനയിലെ ഏറ്റവും വലിയ വ്യാപനമാണ് നഗരം നേരിടുന്നത്. ഇതോടെ, ഏതാണ്ട് 26 മില്യണ്‍ ജനങ്ങളെയാണ് കര്‍ശന ലോക്ഡൗണിലാക്കിയിരിക്കുന്നത്. വീടുകളില്‍ നിന്ന് പുറത്ത് ഇറങ്ങാനാകാതെ വലയുകയാണിവര്‍.
കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പലര്‍ക്കും അവശ്യസാധനങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് വിവരം. മരുന്ന് അടക്കമുള്ള അവശ്യവസ്തുക്കളുടെ വലിയ തോതിലുള്ള ലഭ്യതക്കുറവ് നേരിടുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പലരും ഭക്ഷണമടക്കമുള്ള അവശ്യവസ്തുക്കള്‍ക്കായി മണിക്കൂറുകളോളം കാത്തിരിക്കുകയാണ്. തുടര്‍ച്ചയായുള്ള അടച്ചിടല്‍ അവരുടെ മാനസിക ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.
സഹായിക്കൂ... ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ല
സഹായം ആവശ്യപ്പെട്ട് നിലവിളിക്കുന്ന ഷാങ്ഹായ് നിവാസികളുടെ നിരവധി വീഡിയോകള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത ജനങ്ങള്‍ ജനാലയ്ക്ക് സമീപം നിന്ന് സഹാത്തിനായി നിലവിളിക്കുന്നതെന്ന് അവകാശപ്പെടുന്ന വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ഫ്ളാറ്റുകളുടെയും ബഹുനില അപ്പാര്‍ട്ട്മെന്റുകളുടെയും ഉള്ളില്‍ നിന്ന് ജനങ്ങള്‍ ഉറക്കെ വിളിച്ച് പറയുന്നതാണ് വിഡിയോയില്‍. തങ്ങള്‍ മരിക്കാന്‍ പോവുകയാണ്, കുറച്ച് ഭക്ഷണം തരൂ എന്നാണ് ആളുകള്‍ നിലവിളിക്കുന്നത്. സഹായിക്കൂ... ഞങ്ങള്‍ക്ക് കഴിക്കാനൊന്നുമില്ല എന്ന് ജനങ്ങള്‍ അഭ്യര്‍ഥിക്കുന്ന മറ്റൊരു വീഡിയയും പുറത്തുവന്നിട്ടുണ്ട്.

ഞങ്ങളെ അറസ്റ്റ് ചെയ്യൂ...
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി പേര് പോലീസിനെ സമീപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. ഷാങ്ഹായ് നിവാസിയായ ഒരാള്‍ മനഃപൂർവം ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായും പോലീസിനോട് തന്നെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതായുമാണ് റിപ്പോര്‍ട്ട്. ജയിലില്‍ ഭക്ഷം ലഭിക്കുമെന്ന വിശ്വാസത്തിലാണ് അയാളിത് ചെയ്തതെന്നാണ് വിവരം. ഷാങ്ഹായ് നഗരത്തില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകളും ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.
ആത്മഹത്യ ചെയ്ത് ജനങ്ങള്‍
കോവിഡ് രോഗികളുടെ വളര്‍ത്തുമൃഗങ്ങളെ ആരോഗ്യ വിഭാഗം അധികൃതര്‍ കൂട്ടത്തോടെ കൊലപ്പെടുത്തുന്നതായി ആരോപണമുണ്ട്. ക്വാറന്റീനില്‍ പ്രവേശിക്കുന്ന കോവിഡ് രോഗികളുടെ വളര്‍ത്തുമൃഗങ്ങളെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളര്‍ത്തുനായകള്‍ അടക്കമുള്ളവയെയാണ് ഇത്തരത്തില്‍ കൊലപ്പെടുത്തുന്നത്. അടച്ചിടലിനേത്തുടര്ന്നുള്ള ക്ഷാമവും പട്ടണിയും മൂലം പലരും ആത്മഹത്യ ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Content Highlights: People protest, scramble for food in locked-down Shanghai amid reports of suicides, killing of pets
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..