വാഷിങ്ടൺ: ജനങ്ങൾക്ക് സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ഐക്യരാഷ്ട്രസഭ. അധികൃതർ അതിനവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക്. ഇന്ത്യയിൽ കർഷകർ നടത്തുന്ന സമരത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ കർഷകരുടെ സമരത്തെ കുറിച്ച് പ്രസ്താവന നടത്തിയ വിദേശ നേതാക്കളുടെ അഭിപ്രായപ്രകടനത്തെ ഇന്ത്യ എതിർത്തിരുന്നു. ഒരു ജനാധിപത്യരാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ വിദേശനേതാക്കൾ അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

'ഇന്ത്യയിലെ കർഷക സമരവുമായി ബന്ധപ്പെട്ട് മതിയായ അറിവില്ലാതെ നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധയിൽപെട്ടു. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളുമായി ബന്ധപ്പെട്ടുളള അത്തരം പരാമർശങ്ങൾ അനാവശ്യമാണ്.' വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ ചൊവ്വാഴ്ച പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്കായി നയതന്ത്ര സംഭാഷണങ്ങൾ തെറ്റായി ചിത്രീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ ആശങ്ക പ്രകടിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നതിനായി കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ ഇത് ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പും നൽകി. പ്രധാനമന്ത്രിയുടേയും മറ്റുമന്ത്രിമാരുടേയും പരാമർശം അനാവശ്യവും ഇന്ത്യയുടെ ആഭ്യന്ത്ര കാര്യങ്ങളിൽ കൈകടത്തലുമാണെന്നാണ് ഹൈക്കമ്മീഷണറെ ഇന്ത്യ അറിയിച്ചത്.

 

Content Highlights:People have the right to protest Says UN