ബെയ്ജിങ്: ക്വാറന്റീന്‍ ക്യാമ്പുകളില്‍ നിരനിരയായിവച്ച മെറ്റല്‍ ബോക്‌സും(ഇരുമ്പുകൂട്‌) രോഗികളെ ക്യാമ്പുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന ബസുകളും ചൈനയിലെ പേടിപ്പെടുത്തുന്ന കാഴ്ചയാണിപ്പോള്‍. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അതികഠിനായ പ്രതിരോധ നടപടികളുടെ ഭീകരമുഖം ദൃശ്യമാകുന്ന നിരവധി വീഡിയോകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സര്‍ക്കാരിന്റെ സീറോ കോവിഡ് നയത്തിന്റെ ഭാഗമായി ഇത്തരത്തില്‍ ജനങ്ങളെ പീഡിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ക്കെതിരേ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. 

ഒരു പ്രദേശത്തെയോ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെയോ ഏതെങ്കിലും ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ അവിടെയുള്ളവര്‍ മുഴുവനും ക്വാറന്റീല്‍ കഴിയണമെന്നാണ് സര്‍ക്കാരിന്റെ കടുത്ത നിബന്ധന. രോഗം സംശയിക്കുന്നവരെ പ്രത്യകമായി സജ്ജീകരിച്ച ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ വലിയ ബസുകള്‍ പാഞ്ഞെത്തും. നിര്‍ബന്ധപൂര്‍വ്വം എല്ലാവരേയും ബസുകളിലേക്കും തുടര്‍ന്ന് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും മാറ്റും. ആളുകളെ കൊണ്ടുപോകാനായി റോഡിന് വശങ്ങളില്‍ ബസുകള്‍ നിരനിരയായി നിര്‍ത്തിയിട്ട കാഴ്ച നഗരത്തില്‍ പലയിടത്തും കാണാം. 

രോഗം സംശയിക്കുന്നവരെല്ലാം രണ്ടാഴ്ച ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കഴിയണം. പ്രത്യേകം നിര്‍മിച്ച ചെറു ഇരുമ്പുകൂട്ടിനുള്ളിലാണ് ആളുകള്‍ കഴിയേണ്ടത്. മരത്തില്‍ തീര്‍ത്ത ഒരു കട്ടിലും ശുചിമുറിയും ഇതിനകത്തുണ്ടാകും. അകത്തു കയറികഴിഞ്ഞാല്‍ പിന്നെ പുറത്തിറങ്ങരുതെന്ന് ചുരുക്കം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും പ്രായമായവര്‍ക്കു പോലും കടുത്ത ക്വാറന്റീന്‍ നിബന്ധനകളില്‍ ഇളവുകളില്ലെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ക്യാമ്പുകളിലേക്ക് പോകാനുള്ള ഭീതി കാരണം ചിലര്‍ ബാഗുകളെല്ലാം എടുത്ത് രക്ഷപ്പെടുന്ന വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

ജനങ്ങള്‍ക്ക് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറാന്‍ പര്യാപ്തമായ സമയം പോലും അതികൃതര്‍ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. നിരവധി ഇടങ്ങളില്‍ അര്‍ധരാത്രിയോടെ തന്നെ പ്രദേശവാസികളോട് വീടുവിട്ട് ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ അതിവേഗത്തില്‍ കണ്ടെത്തി ക്വാറന്റീനിലേക്ക് മാറ്റാന്‍ ഉപകരിക്കുന്ന മൊബൈല്‍ ആപ്പുകളും ചൈനയിലുണ്ട്. ഹൈ റിസ്‌ക് കോണ്ടാക്റ്റിലുള്ളവര്‍ക്ക് താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് പുറത്തുപോകാനും അനുവാദമില്ല. 

സര്‍ക്കാരിന്റെ കടുത്ത കടുത്ത നിബന്ധന മൂലം ചൈനയില്‍ രണ്ട് കോടിയോളം ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ അടച്ചിട്ടിരിക്കുകയാണിപ്പോള്‍. ഭക്ഷണമോ മറ്റു സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഇവര്‍ക്ക് അനുമതിയില്ല. കര്‍ശന ലോക്ക്ഡൗണ്‍ നിബന്ധനകള്‍ മൂലം ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നല്‍കാന്‍ വൈകിയതിനാല്‍ ഗര്‍ഭം അലസിയ സംഭവും കഴിഞ്ഞ ദിവസം ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനം ഉയരുന്നത്. 

അടുത്ത മാസം ശൈത്യകാല ഒളിമ്പിക്‌സിന് ബെയ്ജിങ് ആതിഥേയത്വം വഹിക്കുന്നതിന് തൊട്ടുമുമ്പാണ് ഇത്തരത്തിലുള്ള കടുത്ത നിബന്ധനകള്‍ ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്.

content highlights: People Forced To Live In Metal Boxes Under China's Zero Covid Rule