രു കൂട്ടം തിമിംഗലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ പെന്‍ഗ്വിന് സാധിക്കുമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇല്ല എന്നാവും നമ്മുടെ മറുപടി. കാരണം വമ്പൻ തിമിംഗലങ്ങളില്‍ നിന്ന് ചെറിയ പെന്‍ഗ്വിന് രക്ഷപ്പെടാനായി എന്തെങ്കിലും അദ്ഭുതം നടക്കേണ്ടി വരുമെന്ന് നമുക്കറിയാം. എന്നാല്‍ അദ്ഭുതത്തിനുപരി ആത്മവിശ്വാസവുമായി ഒരു പെന്‍ഗ്വിന്‍ തിമിംഗലങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു, ആ പെന്‍ഗ്വിന്‍ ഇപ്പോള്‍ ലോകത്തിന് മുന്നില്‍ ഒരു ഹീറോയാണ്. 

മെക്‌സിക്കന്‍ സ്വദേശിയായ സഞ്ചാരിയും എഴുത്തുകാരനുമായ മാറ്റ് കാര്‍സ്റ്റന്‍ ഭാര്യ അന്നയുമൊത്തുള്ള അന്റാര്‍ട്ടിക്ക സന്ദര്‍ശനത്തിനിടെയാണ് തിമിംഗലങ്ങളുടെ പിടിയില്‍ നിന്ന പെന്‍ഗ്വിന്‍ രക്ഷപ്പെടുന്ന രംഗം ലൈവായി കണ്ടത്. പെന്‍ഗ്വിന്‍ രക്ഷപ്പെടില്ലെന്ന് കരുതിയെങ്കിലും ആ സാധു ജീവി രക്ഷപ്പെടണമെന്ന് അതിയായി ആഗ്രഹിച്ചതായി കാര്‍സ്റ്റന്‍ പറഞ്ഞു. അദ്ദേഹമാണ് പെന്‍ഗ്വിന്റെ 'ഗ്രേറ്റ് എസ്‌കേപ്പി'ന്റെ വീഡിയോ പകര്‍ത്തിയത്. 

തിമിംഗലത്തിന്റെ സംഘത്തെ കണ്ടപ്പോള്‍ കൗതുകത്തിനാണ്  കാര്‍സ്റ്റന്‍ വീഡിയോ പകര്‍ത്താന്‍ ആരംഭിച്ചത്. അന്റാര്‍ട്ടിക്കയിലെ ഗെല്‍ലെക്ക് കടലിടുക്കിന് സമീപത്തായിരുന്നു അവര്‍. ആ ഭാഗത്ത് മറ്റ് സന്ദര്‍ശകരും ബോട്ടുകളില്‍ നീങ്ങുന്നുണ്ടായിരുന്നു. തിമിംഗലക്കൂട്ടത്തെ കണ്ട് കൗതുകത്തോടെ നോക്കുന്നതിനിടെയാണ് സംഘമായി പെന്‍ഗ്വിനെ വളഞ്ഞിട്ട് പിടിക്കാനുള്ള ശ്രമത്തിലാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എല്ലാവരുടേയും ശ്രദ്ധ ജീവന് വേണ്ടി പരക്കം പായുന്ന  പെന്‍ഗ്വിനിലായി. 

എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ പെന്‍ഗ്വിന്‍ ബോട്ടുകള്‍ക്ക് നേരെ നീന്തി. തിമിംഗലങ്ങളേക്കാള്‍ ഭേദം മനുഷ്യരാണെന്ന് അത് കരുതിയിട്ടുണ്ടാവും. ആദ്യമൊരു തവണ ബോട്ടില്‍ ചാടിക്കയറി രക്ഷപ്പെടാന്‍ പെന്‍ഗ്വിന്‍ ശ്രമിച്ചെങ്കിലും ബോട്ടിന്റെ മുകള്‍വശത്ത് തട്ടി വീണ്ടും കടലിലേക്ക് തന്നെ പതിച്ചു. ഒരു നിമിഷത്തേക്ക് എല്ലാവരുമൊന്ന് പകച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ പെന്‍ഗ്വിന്‍ വീണ്ടും ശ്രമം നടത്തി. ഇത്തവണ അത് ബോട്ടിനുള്ളിലേക്ക് തന്നെ ചാടി. ആര്‍പ്പുവിളികളോടെയാണ് ബോട്ടിലുള്ളവര്‍ അതിനെ സ്വീകരിച്ചത്. 

ആ സാധു ജീവിക്കും കണ്ടു നിന്നവര്‍ക്കും ശ്വാസം നേരെ വീണത് അപ്പോഴാണ്. സന്ദര്‍ശകര്‍ പെന്‍ഗ്വിന് സുഖമായിരിക്കാന്‍ സ്ഥലവും നല്‍കി. തെല്ലൊരമ്പരപ്പും അതിലേറെ നന്ദിയും നിറഞ്ഞ കണ്ണുകളോടെയുള്ള പെന്‍ഗ്വിന്റെ നോട്ടം വീഡിയോ കാണുന്നവരുടെ ഉള്ള് നിറയ്ക്കും. കുറച്ച് നേരം ബോട്ടില്‍ തങ്ങിയ ശേഷം തിമിംഗലങ്ങള്‍ പിന്‍വാങ്ങിയ വെള്ളത്തിലേക്ക് ചാടി ആ പെന്‍ഗ്വിന്‍ നീന്തി മറഞ്ഞു. ആത്മധൈര്യം കൈവിടാതെ രക്ഷപ്പെടാന്‍ ശ്രമിച്ച പെന്‍ഗ്വിനെ അഭിനന്ദിക്കുകയാണ് ചെറിയ പരാജയങ്ങളില്‍ പോലും നിരാശരാവുന്ന മനുഷ്യരുടെ ലോകം. 

 

 

Content Highlights: Penguin Saves Himself From Killer Whales By Jumping On Tourist Boat